ന്യൂഡൽഹി : ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന 8 മുൻ നാവികസേന അംഗങ്ങളുടെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് മേൽനോട്ടം വഹിക്കുകയായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ-ഖത്തർ ബന്ധത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നതാണ് മുൻ നാവികസേന അംഗങ്ങളുടെ മോചനം എന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര തലസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന്റെ മികച്ച തെളിവാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞവർഷം ഒക്ടോബറിൽ ആണ് ചാരവൃത്തി ആരോപിച്ച് ഖത്തർ കോടതി എട്ട് മുൻ ഇന്ത്യൻ നാവികസേന അംഗങ്ങൾക്ക് വധശിക്ഷ വിധിച്ചിരുന്നത്. ഖത്തറിലെ ദഹ്റ ഗ്ലോബൽ എന്ന സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തു വന്നിരുന്ന ഇവർ ഖത്തർ നാവികസേനക്ക് പ്രത്യേക പരിശീലനം നൽകുകയും ചെയ്തിരുന്നു. നാവികർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വാർത്ത പുറത്തുവന്നതിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് തന്നെ വിഷയത്തിൽ ഇടപെട്ടിരുന്നു. തൽഫലമായി കഴിഞ്ഞ ഡിസംബറിൽ ഖത്തർ കോടതി നാവികരുടെ വധശിക്ഷ ഇളവ് ചെയ്യുകയായിരുന്നു.
കേന്ദ്രസർക്കാരിന്റെ മികവുറ്റ നയതന്ത്ര നീക്കത്തെ തുടർന്നാണ് ഇപ്പോൾ ജയിലിൽ കഴിഞ്ഞിരുന്ന നാവികസേനാംഗങ്ങൾ മോചിതരായി തിരികെ നാട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. ഇന്ത്യൻ നാവികസേനയിലെ റിട്ടയേർഡ് ക്യാപ്റ്റൻമാരായ ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത് , ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ എന്നിവരും റിട്ടയേർഡ് കമാൻഡർമാരായ പൂർണേന്ദു തിവാരി, സുഗുണാകർ പകല, അമിത് നാഗ്പാൽ, സഞ്ജീവ് ഗുപ്ത എന്നിവരും നാവികനായ രാഗേഷും ആണ് ഖത്തറിൽ നിന്നും മോചിപ്പിക്കപ്പെട്ട മുൻ നാവിക സേനാംഗങ്ങൾ.
Discussion about this post