വാലന്റൈൻസ് ഡേ ആഘോഷിക്കാൻ തയാറെടുക്കുന്നവർക്ക് അല്പം വ്യത്യസ്തമായ ഓഫറാണ് യു.കെയിലെ ഓക്സ്‌ഫോർഡ് കാസിൽ മുന്നോട്ടുവച്ചിരിക്കുന്നത് . പ്രണയത്തിന്റെ നല്ല ഓർമ്മകൾ ആഘോഷിക്കാൻ യുകെയിലെ ഏറ്റവും പഴയ ജയിലിലാണ് ഇതിനായി അധികൃതർ അവസരം ഒരുക്കിയിരിക്കുന്നത്.
ഫെബ്രുവരി 14 ന് പ്രണയിതാക്കൾക്ക് വ്യത്യസ്തമായ രീതിയിലാണ് ജയിലിനുള്ളിൽ അത്താഴം ഒരുക്കുന്നത്. 215 ഡോളർ (17000 ഇന്ത്യൻ രൂപ) ആണ് ഭക്ഷണത്തിന് ചിലവ് വരുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് പറയുന്നു. താൽപര്യമുള്ളവർക്ക് ചരിത്രപ്രധാന്യമുള്ള ഓക്സ്ഫോർഡ് ജയിലിൽ എത്തി ഈ വർഷത്തെ പ്രണയദിനം അനുസ്മരണീയമാക്കാം എന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. മെഴുകുതിരിയും പൂക്കളും കൊണ്ട് അലങ്കരിച്ച മേശയ്ക്ക് ചുറ്റുമാണ് ഭക്ഷണം ഒരുക്കുന്നത്. തക്കാളി ടാർട്ടാരി, ഗാർലിക്ക് പർമേസർ ബ്രെയ്‌സ്ഡ് ബീഫ്, ബ്ലേഡ് ഷോർട്ട്‌റിബ് പിറോഗി, ബാർബിക്യൂഡ് ലീക്ക് ടെറിൻ എന്നിവയും ഭക്ഷണ വിഭവങ്ങളിൽ ഉൾപ്പെടുത്തും. ചോക്ലേറ്റ് മൂസ്, കസ്റ്റാർഡും പിസ്തയും ചേർന്ന കേക്ക് എന്നിവയും ഉണ്ടാകും.
കൂടാതെ ഈ പ്രണയദിനം മനോഹരമാക്കാൻ ഓക്‌സ്‌ഫോർഡ് ജയിലിലെ ആറ് സ്ഥലങ്ങളിൽ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം . മരം കൊണ്ട് നിർമ്മിച്ച കൂടാരങ്ങൾ, ചരിത്രപരമായ കെട്ടിടങ്ങൾ, തടവ് മുറികൾ എന്നിവയാണ് അതിൽ ചിലത്. തടവു മുറികളിൽ അധികൃതർ തിരഞ്ഞെടുത്തിരിക്കുന്നത് കുപ്രസിദ്ധ കൊലയാളികളെ പാർപ്പിച്ചിരുന്ന ജയിലുകളാണ് . കാമുകന്റെ വാക്ക് വിശ്വസിച്ച് അച്ഛന് വിഷം കൊടുത്ത കുറ്റത്തിന് വധശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന മേരി ബ്ലാൻഡി, ഭ്രൂണഹത്യ നടത്തി എന്ന കുറ്റത്തിന് വധശിക്ഷ നേരിട്ട വീട്ടുജോലിക്കാരിയായിരുന്ന ആൻ ഗ്രീൻ എന്നിവർ തടവിൽ കഴിഞ്ഞിരുന്ന ജയിലറകളാണ് വിരുന്നിനായി തുറന്നുകൊടുക്കുക. 230 ഡോളർ (ഏകദേശം 19,000 രൂപ)യാണ് ഇതിനായി ചിലവ് വരുന്നത്.
1073-ൽ ഒരു മെഡിക്കൽ കോട്ടയായി നിർമ്മിച്ചതാണ് ഓക്സ്ഫോർഡ് ജയിൽ. 1642-നും 1651-നും ഇടയിൽ ഇംഗ്ലീഷ് ആഭ്യന്തരയുദ്ധകാലത്ത് ഈ കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു. പിന്നീട് 1785-ൽ ഒരു ജയിലാക്കി മാറ്റി. 1996 വരെ ജയിലായി പ്രവർത്തിച്ചെങ്കിലും ഇപ്പോൾ യുകെയിലെ തന്നെ എറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമായി ഓക്‌സ്‌ഫോർഡ് ജയിൽ മാറുകയായിരുന്നു.
Discussion about this post