ലഖ്‌നൗ : സമാജ് വാദി പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും സ്വാമി പ്രസാദ് മൗര്യ രാജിവെച്ചു. പാർട്ടി വിട്ടേക്കുമെന്നും സൂചനയുണ്ട്. എസ്പിയുടെ പ്രമുഖ നേതാക്കളിൽ ഒരാളായ സ്വാമി പ്രസാദ് മൗര്യയുടെ രാജി ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ വലിയ ചലനമാണ് ഉണ്ടാക്കുന്നത്. ഇൻഡി സഖ്യവുമായി ഉള്ള സംഘർഷവും അകൽച്ചയും തുടരുന്നതിനിടെ അഖിലേഷ് യാദവിന് വലിയ തിരിച്ചടി ആവുകയാണ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഉള്ള പ്രസാദ് മൗര്യയുടെ രാജി.
സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമായുള്ള തർക്കങ്ങളാണ് സ്വാമി പ്രസാദ് മൗര്യയുടെ രാജിക്ക് പിന്നിലെന്നാണ് സൂചന. ജനാധിപത്യത്തെ സംരക്ഷിക്കാനായി സംസ്ഥാനവ്യാപകമായി രഥയാത്ര നടത്താൻ ഏതാനും നാളുകൾക്ക് മുമ്പ് സ്വാമി പ്രസാദ് മൗര്യ സമാജ് വാദി പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അഖിലേഷ് യാദവ് ഈ ആവശ്യം നിരസിച്ചത് ഇരുവരും തമ്മിലുള്ള പ്രശ്നം കൂടുതൽ വഷളാക്കി എന്നാണ് പറയപ്പെടുന്നത്.
ബിജെപിയുടെ വലയിൽ അകപ്പെട്ടവരെ തിരികെ കൊണ്ടുവരാനായി താൻ നടത്തിയ ചില പരിശ്രമങ്ങൾക്ക് പാർട്ടിയിൽ നിന്ന് തന്നെ എതിർപ്പുകൾ ഉണ്ടായതായി രാജിക്കത്തിൽ സ്വാമി പ്രസാദ് മൗര്യ സൂചിപ്പിച്ചു. താൻ നടത്തിയ പല പ്രധാന പ്രസ്താവനകളെ കുറിച്ചും പാർട്ടിയിലെ നേതാക്കൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രസ്താവനയാണെന്ന് പറഞ്ഞ് ജനങ്ങൾക്ക് മുൻപിൽ തള്ളിക്കളഞ്ഞു. എന്നാൽ ഇതിലൊന്നും താൻ ഖേദിക്കില്ലെന്നും തന്റേതായ രീതിയിൽ തന്നെ മുന്നോട്ടു പോകും എന്നും ആണ് രാജിക്കത്തിൽ സ്വാമി പ്രസാദ് മൗര്യ സൂചിപ്പിച്ചിട്ടുള്ളത്.
Discussion about this post