ഇൻഡോർ: മാതാവ് മക്കളെ ഭിക്ഷയ്ക്കിരിത്തി സമ്പാദിച്ചത് രണ്ടര ലക്ഷം രൂപ. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. 40കാരിയായ ഇന്ദ്രാ ബായ് എന്ന സ്ത്രീയാണ് മൂന്ന് മക്കളെ ഭിക്ഷാടനത്തിന് അയച്ചത്. എട്ട് വയസുള്ള മകളോടൊപ്പം ഒമ്പതും പത്തും വയസുള്ള ആൺമക്കളെയാണ് ഇവർ ഭീക്ഷയ്ക്കിരിത്തിയത്. നഗരത്തിൽ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരുന്ന 150 ഓളം പേരുടെ സംഘത്തിലെ അംഗമാണ് യുവതി. ഇവർക്ക് രാജസ്ഥാനിൽ ഉണ്ടെന്നാണ് വിവരം.
ഇൻഡോറിലെ ഭിക്ഷാടന മുക്ത നഗരമാക്കുന്നതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഈ വിവരം പുറത്ത് കൊണ്ടുവന്നത്. ഇന്ദ്ര ബായിയെ പിടിക്കൂടുമ്പോൾ 19,000 രൂപ പേഴ്‌സിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് സംശയം തോന്നിയപ്പോഴാണ് പോലീസ് യുവതിയെ ചോദ്യം ചെയ്തത്. ഇതിലൂടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.
45 ദിവസം കൊണ്ടാണ് രണ്ടര ലക്ഷം രൂപ സമ്പാദിച്ചത് എന്ന് സ്ത്രീ പോലീസിനോട് പറഞ്ഞു. അതിൽ ഒരു ലക്ഷം രൂപ ഭർത്താവിന് അയച്ചുകൊടുത്തതായും 50,000 രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായും പോലീസ് അറിയിച്ചു. ഇന്ദ്രാ ബായി നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.
ഇൻഡോർ ഉൾപ്പെടെ 10 നഗരങ്ങളിൽ ഭിക്ഷാടനം പൂർണമായി നിർത്താനാള്ള പരീക്ഷണ പദ്ധതിക്ക് കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം തുടക്കമിട്ടിട്ടുണ്ട് എന്ന് ഇൻഡോർ ജില്ലാ മജിസ്ട്രേറ്റ് ആശിഷ് സിംഗ് പറഞ്ഞു. ഇതിന്റെ ഭാഗമായി ഭിക്ഷാടനത്തിൽ നിന്ന് ഇതുവരെ 10 കുട്ടികളെ രക്ഷപ്പെടുത്തി സർക്കാർ നടത്തുന്ന ശിശുഭവനിലേക്ക് മാറ്റി . കുട്ടികളെ ഭിക്ഷാടനത്തിന് നിർബന്ധിക്കുന്ന സംഘങ്ങൾക്കെതിരെയും നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
Discussion about this post