ലക്‌നൗ: വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനായി ഏഴ് ബിജെപി സ്ഥാനാർത്ഥികൾ ലക്‌നൗവിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിദ്ധ്യത്തിലാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ആർപിഎൻ സിംഗ്, ചൗധരി തേജ്വീർ സിംഗ്, അമർപാൽ മൗര്യ, സംഗീത ബൽവന്ത്, സുധാൻഷു ത്രിവേദി, സാധന സിംഗ്, നവീൻ ജെയിൻ എന്നിവരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.
മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരി, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക്, ബിജെപി യുപി ലോക്സഭാ ചുമതലയുള്ള ബൈജ്യന്ത് പാണ്ഡ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഫെബ്രുവരി 27നാണ് തിരഞ്ഞെടുപ്പ് നടക്കുക. 27ന് രാവിലെ 9 മുതൽ വൈകീട്ട് 4 വരെ വോട്ടെടുപ്പ് നടക്കും. വൈകീട്ട് 5ന് വോട്ടെണ്ണൽ നടക്കും. 15 സംസ്ഥാനങ്ങളിലെ ഒഴിവുവന്ന 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുക. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നാളെയാണ്.
Discussion about this post