കേരളത്തിൽ ചൂട് കൊണ്ട് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ എത്തിയിരിക്കുകയാണ്. പല ജില്ലകളിലും ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ചൂട് കാരണം നിർജലീകരണം സംഭവിച്ച് ഒരാൾ മരിച്ച വിവരം നാമെല്ലാം അറിഞ്ഞിരുന്നു. പുറത്തിറങ്ങുന്നവർക്ക് സൂര്യാഘാതം ഏൽക്കുന്നതും പതിവ് കാഴ്ച്ചയാണ്. ഇത് പോലെ പല പ്രശ്‌നങ്ങളും ചൂട് അധികരിക്കുന്നത് മൂലം ഉണ്ടാകാറുണ്ട്.
ചൂട് കൂടുമ്പോൾ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഈ അവസ്ഥയാണ് സൂര്യാഘാതം.
വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഇതേ തുടർന്നുള്ള അബോധാവസ്ഥയും ഉൾപ്പെടെ ചൂട് കുടുന്നതു മൂലം ഉണ്ടാകും. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഉടൻ വൈദ്യ സഹായം തേടണം.
സൂര്യാഘാതത്തെക്കാൾ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതാപം. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യതാപത്തിന്റെ ലക്ഷണങ്ങൾ. കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യുന്നവരിൽ നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യതാപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊളളലും ഉണ്ടാകുകയും ചെയ്യാം. ശരീരത്തിൽ ഇത്തരം മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടാൽ, ഉടനെ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.
പൊള്ളിയ ഭാഗത്ത് കുമിളകൾ ഉണ്ടെങ്കിൽ പൊട്ടിക്കരുത്. അന്തരീക്ഷത്തിലെ ചൂടു കൂടുമ്പോൾ ശരീരം കൂടുതലായി വിയർക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. ഉപ്പിട്ട കഞ്ഞിവെളളം, നാരങ്ങാവെളളം, കരിക്കിൻവെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അടുത്തുളള ആശുപത്രിയിൽ ചികിത്സ തേടേണ്ടതുമാണ്.
ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയർപ്പിനെ തുടർന്ന് ശരീരം ചൊറിഞ്ഞ് തിണർക്കുന്നതിനെയാണ് ഹീറ്റ് റാഷ് അഥവ ചൂട് കുരു. കുട്ടികളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. ഇങ്ങനെയുള്ളവർ അധികം വെയിൽ ഏൽക്കാതിരിക്കുകയും തിണർപ്പ് ബാധിച്ച ശരീരഭാഗങ്ങൾ എപ്പോഴും ഈർപ്പ രഹിതമായി സൂക്ഷിക്കുകയും വേണം. യാത്രാവേളയിൽ വെയിൽ നേരിട്ട് ഏൽക്കാതിരിക്കുവാൻ കുട ഉപയോഗിക്കുന്നത് ശീലമാക്കുക
വേനൽക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുന്ന സമയത്ത് ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. ഉപ്പിട്ട കഞ്ഞിവെളളം, നാരങ്ങാവെളളം, കരിക്കിൻ വെള്ളം, തിളപ്പിച്ചാറിയ വെള്ളം തുടങ്ങിയവ ധാരാളമായി കുടിക്കുക. വെള്ളം ധാരാളമായി അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക. കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തി പോകാതിരിക്കുക.












