മുംബൈ: നാഷണലിസ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാറിന് കനത്ത തിരിച്ചടി നൽകികൊണ്ട് , അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയാണ് യഥാർത്ഥ എൻസിപിയെന്ന് മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ വ്യാഴാഴ്ച പ്രഖ്യാപിച്ചു. നിയമസഭാ ഭൂരിപക്ഷം പരിഗണിച്ചാണ് നടപ്പായി. ഇതിനെ തുടർന്ന് എംഎൽഎമാർക്കെതിരായ എല്ലാ അയോഗ്യതാ ഹർജികളും സ്പീക്കർ തള്ളി.
എൻ സി പി ഭരണഘടനയും, എൻ സി പി നേതൃത്വ ഘടനയും അനുസരിച്ച്, പ്രസ്തുത വിഷയത്തിൽ ഒരു തീരുമാനം എടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നിയമസഭാ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾക്ക് ഒരു തീർപ്പ് വരുത്തിയതെന്ന് സ്പീക്കർ വ്യക്തമാക്കി.
അജിത് പവാർ വിഭാഗത്തിനെതിരെ ശരദ് പവാർ വിഭാഗം നൽകിയ അയോഗ്യത ഹർജി രാഹുൽ നർവേക്കർ തള്ളി.അജിത് പവാറിൻ്റെയും മറ്റുള്ളവരുടെയും (അജിത് പവാറിനെ പിന്തുണയ്ക്കുന്ന എംഎൽഎമാർ) നടപടികൾ എൻസിപിയിൽ നിന്നുള്ള കൂറുമാറ്റമല്ലെന്ന് വിധിച്ച സ്പീക്കർ “ജൂൺ 30 നും ജൂലൈ 2 നും ഇടയിൽ നൽകിയ പ്രസ്താവനകൾ പാർട്ടിക്കുള്ളിലെ വിയോജിപ്പ് മാത്രമാണ് എന്ന് വ്യക്തമാക്കി.
ശരദ് പവാർ വിഭാഗം എംഎൽഎമാർക്കെതിരായ അജിത് പവാർ വിഭാഗത്തിൻ്റെ അയോഗ്യത ഹർജികളും നർവേക്കർ തള്ളി, ആരും അയോഗ്യരാക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി.
നേരത്തെ, അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ശരദ് പവാർ വിഭാഗത്തിൻ്റെ ഹർജിയിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കാൻ മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറിന് സുപ്രീം കോടതി ഫെബ്രുവരി 15 വരെ സമയം നീട്ടി നൽകിയിരുന്നു. അതിനെ തുടർന്നാണ് ഇന്ന് നർവേക്കറിന്റെ പ്രസ്താവന വന്നത്.
നേരത്തെ ഫെബ്രുവരി 6 ന്, തിരഞ്ഞെടുപ്പ് കമ്മീഷൻ, അജിത് പവാറിൻ്റെ വിഭാഗമാണ് യഥാർത്ഥ എൻസിപിയെന്ന് വിധിക്കുകയും പാർട്ടിക്ക് ‘ക്ലോക്ക്’ ചിഹ്നം ഉപയോഗിക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു.
Discussion about this post