രാജ്കോട്ട്: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെയും ആൾറൗണ്ടർ രവീന്ദ്ര ജഡേജയുടെയും വീരോചിതമായ സെഞ്ച്വറി കണ്ട മത്സരത്തിൽ ഇന്ന് പക്ഷെ മുഴുവൻ ജനങ്ങളുടെയും മനം കവർന്നത് വെറും 26 വയസ്സ് മാത്രം പ്രായമുള്ള സർഫറാസ് ഖാൻ എന്ന മുംബൈയിൽ നിന്നുള്ള യുവതാരമായിരിന്നു. വെറും 48 ബോളിൽ തന്റെ അർദ്ധ സെഞ്ച്വറി തികച്ച സർഫറാസ് ഒരു പരിചയ സമ്പന്നനായ ബാറ്റ്സ്മാൻ എങ്ങനെയാണോ സാഹചര്യങ്ങളെ നേരിടുക അത്തരത്തിലുള്ള പ്രകടനമാണ് ഇന്ന് പുറത്തെടുത്തത്.
എന്നാൽ കളിക്കളത്തെ പ്രകടനങ്ങളേക്കാൾ അധികം ശ്രദ്ധ നേടിയത് കളത്തിനു പുറത്തുള്ള രംഗങ്ങളായിരിന്നു. അനിൽ കുംബ്ലെയിൽ നിന്നും ഇന്ത്യൻ ക്യാപ് സർഫറാസ് ഖാൻ ഏറ്റു വാങ്ങുമ്പോൾ സമീപത്തിരുന്ന് അദ്ദേഹത്തിന്റെ അച്ഛനും കോച്ചുമായ നൗഷാദ് ഖാൻ പൊട്ടി കരയുകയായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഒടുവിൽ സർഫറാസ് ഖാൻ ഇന്ത്യൻ ക്യാപ് അണിയുമ്പോൾ അദ്ദേഹത്തിന്റെ മനസിലേക്ക് ഓടിയെത്തിയത് ഒരു പക്ഷെ ഇതിനു മുമ്പ് തന്നെ ഇന്ത്യ അണ്ടർ 19 ലും ഐ പി എല്ലിലും കളിച്ച് കഴിവ് തെളിയിച്ച തന്റെ ശിക്ഷ്യന്റെ വാക്കുകൾ ആയിരുന്നിരിക്കണം
വിരാട് കോഹ്ലി അണ്ടർ 19 വേൾഡ് കപ്പ് നേടിയ ടീമിൽ അംഗമായിരുന്നു ഇഖ്‌ബാൽ അബ്ദുള്ളയെ കണ്ടെത്തിയതും 7 വർഷം സ്വന്തം വീട്ടിൽ താമസിപ്പിച്ചതും ഒരു ക്രിക്കറ്ററായി വളർത്തിയതും സർഫറാസിന്റെ പിതാവും കോച്ചുമായ നൗഷാദ് ഖാൻ ആയിരിന്നു. നൗഷാദ് ഖാന്റെ ഭാര്യ ഉണ്ടാക്കി കൊടുത്ത ഭക്ഷണവും കഴിച്ചായിരിന്നു ഇഖ്‌ബാൽ പരിശീലനത്തിന് പൊയ്ക്കൊണ്ടിരുന്നത്. എന്നാൽ അണ്ടർ 19 വേൾഡ് കപ്പ് കഴിഞ്ഞ് ഐ പി എല്ലിൽ സ്ഥാനം കിട്ടി അത്യാവശ്യം വിലയൊക്കെയായപ്പോൾ വന്ന വഴി ഇഖ്‌ബാൽ അബ്ദുള്ള മറന്ന കഥയാണ് നൗഷാദ് ഖാന് പറയാനുള്ളത്.
8 വർഷം മുൻപ് ഇന്ത്യൻ എക്സ്പ്രസിന് കൊടുത്ത അഭിമുഖത്തിലാണ് താൻ സ്വന്തം മകനെ പോലെ കരുതിയ, സ്വന്തം വീട്ടിൽ വച്ച് വളർത്തി വലുതാക്കിയ ഇഖ്‌ബാൽ അബ്ദുള്ള തന്നോട് പറഞ്ഞ വാക്കുകളെ നൗഷാദ് ഖാൻ ഓർത്തെടുത്തത്.
“എനിക്ക് കഴിവുണ്ടായിരുന്നു, അതിനാൽ ഞാൻ കളിച്ചു. നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ നിങ്ങളുടെ മകനെ ഇന്ത്യൻ ടീമിൽ എത്തിക്കൂ” വെല്ലു വിളി നിറഞ്ഞ ജീവിത സാഹചര്യത്തിൽ നിന്നും താൻ കണ്ടെത്തിയ, മകനെ പോലെ സ്നേഹിച്ച വ്യക്തി, ഏഴ് വർഷം താമസിച്ച വീട്ടിലിരുന്നു കൊണ്ട് നൗഷാദ് ഖാനോട് പറഞ്ഞ വാക്കുകളായിരുന്നു അത്. അതോടു കൂടി ഇക്ബാൽ അബ്ദുള്ളയുമായുള്ള ബന്ധം നൗഷാദ് ഖാൻ നിർത്തിയെങ്കിലും, ഇന്ന് അല്പം വൈകിയാണെങ്കിലും നൂറു ശതമാനം അർഹിച്ച ഇന്ത്യൻ തൊപ്പി സർഫറാസ് ഖാൻ ഏറ്റു വാങ്ങുമ്പോൾ നൗഷാദ് ഖാന്റെ മനസ്സിലൂടെ കടന്നു പോയതും ഒരു പക്ഷെ ഇതായിരിക്കാം
Discussion about this post