ഡല്‍ഹി: സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തെ വിമര്‍ശിച്ച് പാര്‍ട്ടിയുടെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞ പതിറ്റാണ്ടില്‍ സി.പി.എം നേതൃത്വം സ്തുതി പാടലും പ്രീതിപ്പെടുത്തലും പ്രോത്സാഹിപ്പിച്ചെന്ന് അദ്ദേഹം തുറന്ന് പറയുന്നു.
സി.പി.എമ്മിന്റെ പ്രസിദ്ധീകരണമായ മാര്‍ക്സിസ്റ്റിന്റെ പുതിയ ലക്കത്തില്‍ എഴുതിയ പുതിയ ലേഖനത്തിലാണ് സീതാറാം യെച്ചൂരിയുടെ വിമര്‍ശനം. ആത്മനിഷ്ഠതയെ നേരിടല്‍ (ഓണ്‍ കൊംബാറ്റിംഗ് സബ്ജക്ടിവിസം) എന്ന തലക്കെട്ടുള്ള ലേഖനത്തില്‍ പ്രാകശ് കാരാട്ടിന്റെ നേതൃത്വത്തെക്കുറിച്ച് കടുത്ത വിമര്‍ശനങ്ങളാണുള്ളത്.
സംസ്ഥാന നേതൃത്വങ്ങളെയും പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട് ലേഖനത്തില്‍. 2012ലെ കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ-സംഘടനാ റിപ്പോര്‍ട്ടില്‍ ഒന്നാം യു.പി.എ സര്‍ക്കാറിനു പിന്തുണ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ഉന്നയിച്ച പ്രശ്നങ്ങളും ലേഖനത്തില്‍ എടുത്തുകാട്ടുന്നു. സീതാറാം യെച്ചൂരി തന്നെയാണ് മാര്‍ക്സിസ്റ്റിന്റെ പത്രാധിപര്‍.
അദ്ദേഹത്തിന്റെ ലേഖനത്തില്‍ നിന്ന് –
നേതൃത്വം കടുത്ത ഇഷ്ടങ്ങളും അനിഷ്ടങ്ങളും വെച്ചുപുലര്‍ത്തുമ്പോള്‍ സ്വാഭാവികമായും സ്തുതിപാടലും നേതൃത്വത്തെ പ്രീതിപ്പെടുത്തുന്ന പെരുമാറ്റവും പ്രോത്സാഹിപ്പിക്കപ്പെടും. അപ്പോള്‍ താഴെ തട്ടിലുള്ളവര്‍ സാഹചര്യത്തിന്റെ വസ്തുനിഷ്ഠമായ വിവരണവും വിലയിരുത്തലും നല്‍കുന്നതിന് പകരം , നേതാക്കള്‍ കേള്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്നത് റിപ്പോര്‍ട്ട് ചെയ്യുകയെന്ന അപകടകരമായ പ്രതിഭാസമുണ്ടാകും.
കഴിഞ്ഞ പതിറ്റാണ്ടിലെ നമ്മുടെ സ്വന്തം അനുഭവമെടുത്താല്‍ അത്തരത്തിലുള്ള റിപ്പോര്‍ട്ടിംഗ് ബംഗാളിലും കേരളത്തില്‍ നിന്നുമുള്‍പ്പെടെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആത്മനിഷ്ഠമായ പെരുപ്പിച്ചുള്ള വിലയിരുത്തലിനു വഴിവെച്ചു. താഴെത്തട്ടില്‍ നിന്നുള്ള വിലയിരുത്തലുകള്‍ തീര്‍ത്തും തെറ്റായിരുവെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിച്ചു. നേതൃത്വം കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള വിലയിരുത്തലാണ് താഴെതട്ടില്‍ നിന്ന് വന്നത്. നമുക്ക് ജനങ്ങളുമായുള്ള ബന്ധം ദുര്‍ബലപ്പെട്ടതു തിരിച്ചറിയാതെയുള്ളതായിരുന്നു വിലയിരുത്തലുകള്‍.
Discussion about this post