വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വർഷങ്ങൾക്ക് ശേഷ’ത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി അണിയറപ്രവർത്തകർ . ടീസർ ഹിറ്റായതിന് പിന്നാലെയാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒരുമിച്ചുള്ള സംഗീതസാന്ദ്രമായ നിമിഷമാണ് പോസ്റ്ററിൽ. റംസാൻ – വിഷു സമ്മാനമായി ഏപ്രിൽ 11ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുമെന്നാണ് വിവരം.
ചിത്രത്തിൽ നായകന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ്. ഇരുവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രം രണ്ട് കാലഘട്ടത്തെ കഥയാണ് പറയുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ഹൃദയം നിർമിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിർമാണം നിർവഹിക്കുന്നത്. ചിത്രത്തിൽ നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്‌മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസർ ആരാധകർ ഇരു കൈനീട്ടിയാണ് സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽ ടീസറിനെ കുറിച്ചുള്ള ചർച്ചകളായിരുന്നു.’ദേ പഴയ ലാലേട്ടൻ’, ‘വിന്റേജ് ഏട്ടൻ’, ‘പ്രണവ് വേറെ ലെവൽ’, ‘ദേവദൂതനിലെ ലാലേട്ടൻ അല്ലേ ആ ഇരിക്കുന്നത്’, എന്നിങ്ങനെ കമന്റുകളാണ് പോസ്റ്റിന് താഴെ കുറിച്ചിരുന്നത്.












