രാജ്യത്ത് ക്യാഷ്‌ലൈസ് പെയ്‌മെന്റുകൾ ഇപ്പോൾ വ്യാപകമായതോടെ പണം കയ്യിൽ കൊണ്ടു നടക്കുന്നവർ തീരെ കുറവാണെന്ന് തന്നെ പറയാം. യുപിഐ പെയ്‌മെന്റ് ഉപയോഗിച്ചു തുടങ്ങിയതോടെ പണം പോലെ തന്നെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും ആളുകൾ കയ്യിൽ കൊണ്ടു നടക്കാറില്ല. എന്നാൽ, ചില സന്ദർഭങ്ങളിൽ എടിഎം പണമായി വേണ്ടി വരുന്ന സാഹചര്യങ്ങളിൽ എടിഎം കാർഡോ പണമോ ഇല്ലാതെ പെട്ടുപോകുന്ന അവസ്ഥയുണ്ടാകാറുണ്ട്.
ഇത്തരം അവസ്ഥകൾക്കാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. ഇനി മുതൽ എടിഎം കാർഡ് ഇല്ലാതെ തന്നെ നമുക്ക് പണം പിൻവലിക്കാം. ചത്തീഗഡ് ആസ്ഥാനമായുള്ള ഫിൻടെക് കമ്പനിയായ പേമാർട്ട് ഇന്ത്യ അതിന്റെ നൂതനമായ വെർച്വൽ എടിഎം അവതരിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. വെർച്വൽ എടിഎം സൗകര്യം ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് കാർഡ് കൂടാതെ എടിഎം സന്ദർശിക്കാതെ എളുപ്പത്തിൽ പണം പിൻവലിക്കാം.
ഇത്തരത്തിൽ വെർച്വൽ എടിഎം സൗകര്യം ഉപയോഗിച്ച് പണം പിൻവലിക്കാൻ നിങ്ങൾക്ക് വേണ്ടത് ഇന്റർനെറ്റ് കണക്ഷനുള്ള ഒരു സ്മാർട്ട്ഫോൺ മാത്രമാണ്. കൂടാതെ നിങ്ങളുടെ ബാങ്കിന്റെ മൊബൈൽ ആപ്പ് ഉപയോഗിക്കണം. മൊബൈൽ ആപ്പിനായി നിങ്ങളുടെ ഫോൺ നമ്പർ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. പിൻവലിക്കൽ അഭ്യർത്ഥന ഈ ആപ്പ് വഴി നടത്തി കഴിഞ്ഞാൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒടിപി വരും. പണം പിൻവലിക്കാൻ വെർച്വൽ എടിഎം സേവനവുമായി ബന്ധിപ്പിച്ചിട്ടുള്ള അടുത്തുള്ള കടയിൽ ഒടിപി കാണിക്കുക. കട ഉടമയിൽ നിന്ന് നിങ്ങളുടെ പണം നേടാം.
നിലവിൽ, ചത്തീഗഡ്, ഡൽഹി, ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നിവ ഉൾപ്പെടുന്ന തിരഞ്ഞെടുത്ത നഗരങ്ങളിൽ വെർച്വൽ എടിഎം സേവനം ലഭ്യമാണ്. ഈ വർഷം മെയ് മാസത്തോടെ രാജ്യത്തുടനീളം ഈ സേവനം ആരംഭിക്കാൻ കമ്പനി ഒരുങ്ങുകയാണ്.
Discussion about this post