മലപ്പുറം : മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തുള്ള തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ യുവാവിന്റെ അതിക്രമം. ക്ഷേത്രത്തിനകത്തു കയറി പ്രശ്നങ്ങൾ ഉണ്ടാക്കിയ യുവാവ് ശ്രീകോവിലിനകത്തും അതിക്രമിച്ചു കയറി. വിഗ്രഹത്തിൽ ചാർത്തിയിരുന്ന തിരുവാഭരണങ്ങൾ വലിച്ചെടുത്ത യുവാവ് ദേഹത്ത് അണിയുകയും ചെയ്തു. ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം നടന്നത്.
തിരുമാന്ധാംകുന്ന് ഭഗവതിയുടെ ശ്രീകോവിൽ ആയ മാതൃശാലക്കകത്താണ് യുവാവ് അതിക്രമിച്ചു കടന്നത്. രാവിലെ ക്ഷേത്രത്തിലെത്തിയ യുവാവ് ആദ്യം ശിവന്റെ മുഖ മണ്ഡപത്തിൽ കയറിയിരിക്കുകയായിരുന്നു. ഇതോടെ സുരക്ഷാ ജീവനക്കാർ ഇയാളെ പിടിച്ചു പുറത്താക്കി. എന്നാൽ പിന്നീട് സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് യുവാവ് ക്ഷേത്രത്തിനകത്തേക്ക് എത്തുകയും ശ്രീകോവിലിനകത്ത് കയറുകയും ആയിരുന്നു.
ശ്രീകോവിലിനകത്ത് കയറിയ ഇയാൾ വിളക്കുകൾ വലിച്ചറിയുകയും ശൂലവും വാളും എടുത്ത് അകത്ത് ഇരിക്കുകയും ചെയ്തു. ഭഗവതിയുടെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന തിരുവാഭരണങ്ങൾ ഇയാൾ വലിച്ചെടുത്ത് കഴുത്തിലണിയുകയും ചെയ്തു. ആളുകൾ പിടികൂടാൻ ശ്രമിക്കുമ്പോൾ വഴുതി മാറാനായി ശരീരമാസകലം എണ്ണ പുരട്ടിയ നിലയിലായിരുന്നു ഇയാൾ എത്തിയിരുന്നത്.
കീഴ്ശാന്തിക്കാരും ക്ഷേത്രം അടികളും ചേർന്ന് ഇയാളെ ശ്രീകോവിലിൽ നിന്നും പുറത്തേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് നാട്ടുകാരായ ചില യുവാക്കളെ വിവരമറിയിക്കുകയും ഇവർ തന്ത്രിയുടെ സമ്മതം വാങ്ങി ശ്രീകോവിലിനുള്ളിൽ കയറി ആക്രമിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാളെ പുറത്ത് കെട്ടിയിട്ട ശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് എത്തി അതിക്രമം നടത്തിയ യുവാവിനെ കസ്റ്റഡിയിലെടുത്തു.
Discussion about this post