മുംബൈ: ടെസ്ല മേധാവി ഇലോൺ മസ്‌കിനോട് പേര് മാറ്റി ഇലോൺ ഭായ് എന്നാക്കാൻ നിർദ്ദേശിച്ച് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മാർട്ഫോൺ ബ്രാൻഡ് നത്തിങിന്റെ സിഇഒയും സ്ഥാപകനുമായ കാൾ പേയ്. എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിലാണ് കാൾ പേയ് ഇക്കാര്യം നിർദേശിച്ചത്. ഈ ലളിതമായ മാറ്റം ഇന്ത്യയിൽ ഒരു ടെസ്ല ഫാക്ടറി തുറക്കുന്നതിനുള്ള പ്രക്രിയയെ സുഗമമാക്കുമെന്ന് തമാശയായി സൂചിപ്പിച്ചു.
നത്തിങ് ഇന്ത്യയിൽ ഒരു ബ്രാൻഡ് അംബാസിഡറുമായി കരാറുണ്ടാക്കിയത് ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു പോസ്റ്റിന് കീഴിൽ കാൾ പേയ് നൽകിയ മറുപടിയാണ് ഇതിനെല്ലാം തുടക്കമിട്ടത്. ‘നത്തിങിന് ബ്രാൻഡ് അംബാസിഡറിന്റെ ആവശ്യമെന്ത് ? ‘ എന്ന് ഒരാൾ സോഷ്യൽ മീഡിയയിൽ ചോദിച്ചു. ‘കൂടുതൽ ഫോണുകൾ വിൽക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഭായ് !’ എന്നായിരുന്നു കാൾ പേയുടെ ഇതിനുള്ള പ്രതികരണം
കമന്റിൽ ഒരാൾ ‘കാൾ ഭായ്’ എന്ന് വിളിക്കുകയും ചെയ്തു ഇത് ഇഷ്ടമായതോടെയാണ് അദ്ദേഹം തന്റെ പേരിനൊപ്പം ‘ഭായ്’ എന്ന് ചേർത്തത്. നത്തിങ് ഇന്ത്യ ഔദ്യോഗിക എക്സ് ഐടിയിലും പേരിനൊപ്പം ഭായ് എന്ന് ചേർത്തിട്ടുണ്ട്. നത്തിങ് സഹസ്ഥാപകനായ അകിസ് ഇലാഞ്ചലിഡിസും എക്സിലെ പേര് അകിസ് ഭായ് എന്നാക്കി മാറ്റി. തങ്ങളുടെ ഉപഭോക്താക്കളോടും പേരിനൊപ്പം ഭായ് എന്ന് ചേർക്കാൻ നത്തിങ് നിർദേശിച്ചു. ഇതിന് തുടർച്ചയായാണ് കാൾ പേയ് മസ്‌കിനോടും പേര് മാറ്റാൻ നിർദേശിച്ചത്.
Discussion about this post