വെക്കേഷൻ അടിച്ചു പൊളിക്കാൻ സ്ഥിരം സ്ഥലങ്ങൾ തന്നെയാണ് നിങ്ങളുടെ പ്രിയപ്പെട്ടവർ കൊണ്ടുവരുന്നതെങ്കിൽ ഒട്ടും വിഷമിക്കേണ്ട. അവരോട് ഈ സ്ഥലങ്ങളെ കുറിച്ച് പറഞ്ഞാൽ മതി. ഹണിമൂൺ പോകാനുള്ള പ്ലാനിലാണെങ്കിലും ഒന്ന് വെറൈറ്റി പിടിക്കാം. സമയം കളയാതെ വേഗം ബാഗ് പാക്ക് ചെയ്യാം. അതിന് മുൻപ് ഈ സ്ഥലങ്ങളെ കുറിച്ച് ഒന്നറിയാം…
രാജസ്ഥാനിലെ ഉദയ്പൂർ
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ഉദയ്പൂർ ഒരു പുരാതന നഗരമാണ്. നിരവധി തടാകങ്ങളും രാജകീയമായ പൈതൃക കാഴ്ച്ചകൾ കൊണ്ടും സമ്പന്നമാണ് ഉദയ്പൂർ. ചുറ്റും വനപ്രദേശമായ ഉദയ്പൂർ വലിയ കോട്ട മതിലുകൾ കൊണ്ടും കിടങ്ങുകൾ കൊണ്ടും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പ്രസിദ്ധമായ ജഗന്നാദ ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. രജപുത്ര പാരമ്പര്യവും പ്രഭാവവും ഇന്നും കാത്ത് സൂക്ഷിച്ച് പോരുന്ന ഉദയ്പൂർ മേവാഡ് എന്നും അറിയപ്പെടുന്നു.
മഹാരാഷ്ട്രയിലെ പഞ്ചഗണി
സ്‌ട്രോബെറി തോട്ടങ്ങൾക്ക് പേരുകേട്ട പഞ്ചഗണി എന്ന ഹിൽസ്റ്റേഷൻ, മൺസൂണിൽ മനംമയക്കുന്ന പർവത കാഴ്ചകളും പ്രകൃതി സൗന്ദര്യവും നിങ്ങൾക്ക് സമ്മാനിക്കുന്നു. സഹ്യാദ്രിയുടെ അഞ്ച് മലകളാണ് പഞ്ചഗണിയ്ക്ക് ചുറ്റും തലയുയർത്തി നിൽക്കുന്നത്. ഇവിടെ നിന്നും മഹാബലേശ്വറിലേക്ക് 18 കിലോമീറ്റർ മാത്രമാണ് ഉള്ളത്. തണുപ്പ് കാലത്ത് 12 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടെ താപനില.
കർണാടകയിലെ അഗുംബെ
ഹൊയ്സാല സാമ്രാജ്യത്തിന്റെ കാലത്തെ നിരവധി വെള്ളച്ചാട്ടങ്ങൾക്കും പുരാതന ക്ഷേത്രങ്ങളുടെ ശേഷിപ്പുകൾക്കും പേരുകേട്ട സ്ഥലമാണ് കർണാടകയിലെ അഗുംബെ. നഗര ജീവിതത്തിൽ നിന്നും ഒരു വെക്കേഷൻ ആവശ്യമെങ്കിൽ ഇത് ഏറ്റവും മികച്ച ചോയ്‌സ് ആയിരിക്കും. ഇവിടുത്തെ സൂര്യാസ്തമയം വളരെ മനോഹരമാണ്. മലഞ്ചെരിവുകൾ അറബിക്കടൽ വരെ നീണ്ടുകിടക്കുന്ന സൂര്യാസ്തമയത്തിന്റെ മനോഹരമായ കാഴ്ച നൽകുന്നു. ജോർഗുണ്ടി, ബർക്കാന എന്നീ വെള്ളച്ചാട്ടങ്ങൾ വളരെ പ്രശസ്തമാണ്.
ദിയു
ശാന്തമായ ബീച്ചുകൾ മുതൽ ചരിത്ര സ്മാരകങ്ങൾ വരെയുള്ള ദിയു വിേനാദസഞ്ചാരികൾക്ക് മറക്കാനാവാത്ത നിമിഷങ്ങൾ നൽകുന്ന സ്ഥലമാണ്. വ്യത്സസ്തമായ ഭക്ഷണങ്ങളും പൈതൃകവും വാസ്തു വിദ്യകളുമൊക്കെ കൊണ്ട് ഒരു പറുദീസ തന്നെയാണ് ദിയു. സോമനാഥ് മഹാദേവ ക്ഷേത്രം, ജാംപൂർ ബീച്ച്, നഗോവ ബീച്ച്, ജലന്ധർ ബീച്ച് എന്നിങ്ങനെ നിരവധി സ്ഥലങ്ങൾ ദിയുവിൽ സന്ദർശിക്കാനുണ്ട്.
Discussion about this post