ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസിന് വീണ്ടും വൻ തിരിച്ചടി. എംഎൽഎയും മുൻ മന്ത്രിയുമായ മഹേന്ദ്രജീത് സിംഗ് മാളവ്യ ബിജെപിയിൽ ചേർന്നു. ഇന്ന് ജയ്പൂരിലെ ബിജെപി ഓഫീസിൽ വെച്ചാണ് മഹേന്ദ്രജീത് സിംഗ് അംഗത്വം സ്വീകരിച്ചത്. സംസ്ഥാന അദ്ധ്യക്ഷൻ മേധാവി സിപി ജോഷി, അരുൺ സിംഗ്, മറ്റ് നേതാക്കളുമാണ് പാർട്ടിയിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്തത്.
ദക്ഷിണ രാജസ്ഥാനിലെ ഒരു വനംവാസി മേഖലയാണ് വാഗഡ്. അവരുടെ വികസനത്തിന് വേണ്ടിയാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് എംഎൽഎ മാളവ്യ പറഞ്ഞു. ബിജെപി ദേശീയഅദ്ധ്യക്ഷൻ ജെപി നദ്ദയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും താൻ ഞായറാഴ്ച ഡൽഹിയിൽ വച്ച് കണ്ടെന്നും പാർട്ടിയുടെ ദേശീയ സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം തന്നെ സ്വാധീനിച്ചെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ പാർട്ടി വിസമ്മതിച്ചതിൽ തനിക്ക് സങ്കടമുണ്ടെന്ന് കോൺഗ്രസിനെ വിമർശിക്കുകയും ചെയ്തു.
തികഞ്ഞ അർപ്പണബോധത്തോടെയാണ് ഞാൻ ബിജെപിയിൽ ചേരുന്നതെന്ന് പാർട്ടി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കും മോദിക്കും അല്ലാതെ ആദിവാസി മേഖലയിൽ പ്രവർത്തിക്കാൻ മറ്റാർക്കും സാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2008 മുതൽ എംഎൽഎയാണ് മഹേന്ദ്രജീത് സിംഗ് മാളവ്യ. 2008 മുതൽ 2013 വരെയും 2021 മുതൽ 2023 വരെയും ക്യാബിനറ്റ് മന്ത്രിയായിരുന്നു അദ്ദേഹം.
Discussion about this post