തൃശ്ശൂർ :താനൊരു സുരേഷ് ഗോപി ഫാനാണെന്ന് തുറന്ന് സമ്മതിച്ച് കോൺഗ്രസ് എംപി ടി. എൻ പ്രതാപൻ. അദ്ദേഹം ഒരു ഹോളിവുഡ് നടൻ ആവണം എന്നായിരുന്നു തന്റെ ആഗ്രഹം എന്നും എംപി പറഞ്ഞു. ഒരു നടന് വേണ്ട എല്ലാ ഗുണങ്ങളും ഉള്ള വ്യക്തിയാണ് സുരേഷ് ഗോപി എന്നും പ്രതാപൻ കൂട്ടിച്ചേർത്തു. തൃശ്ശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്ന് പറച്ചിൽ .
സുരേഷ് ഗോപിയുടെ ചിത്രം തീയറ്ററിൽ ഇറങ്ങിയാൽ താൻ ഇപ്പോഴും ആദ്യ ഷോയിൽ തന്നെ പോയി കാണും എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ സിനിമയെ ഞാൻ പ്രേത്സാഹിപ്പിക്കുക തന്നെ ചെയ്യും. ഇനിയും സുരേഷ് ഗോപി സിനിമകളിൽ ഉണ്ടാവണം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നാട്ടിക എംഎൽഎ ആയിരിക്കുമ്പോൾ സുരേഷ് ഗോപിയെ ഞാൻ ഒരു പരിപാടിക്ക് കൊണ്ടുവന്നിരുന്നു. അന്ന് നല്ല ചെണ്ട വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ കുട്ടൻമാരാരെ കൊണ്ട് എല്ലാം തികഞ്ഞ ചെണ്ടയുണ്ടാക്കി സമ്മാനിച്ചു. കലാകാരൻമാരോട് എനിക്ക് ബഹുമാനമാണ്. കലാകാരനായ സുരേഷ് ഗോപിയെ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന് ഇനിയും വലിയ പുരസ്‌കാരങ്ങൾ കിട്ടട്ടെ എന്നും പ്രതാപൻ ആശംസിച്ചു.
ഇത്തവണ തൃശ്ശൂർ ലോക്‌സഭാ മണ്ഡലം ജനങ്ങൾ ഉറ്റുനോക്കുന്ന ഒന്നാണ്. യുഡിഎഫ് സ്ഥാനാർഥിയായി സിറ്റിങ് എംപി ടിഎൻ പ്രതാപൻ, എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐയുടെ വിഎസ് സുനിൽ കുമാർ എന്നിവരാണ് തൃശ്ശൂരിൽ കളത്തിലിറങ്ങുക എന്നാണ് ഇതുവരെയുള്ള വിവരം.
Discussion about this post