കോട്ടയം : വീണ വിജയന്റെ പരാതിയെ നിയമപരമായി തന്നെ നേരിടും എന്ന് ബിജെപി നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജ്. മാസപ്പടിക്ക് അപ്പുറം കോടികളുടെ കൊള്ളയാണ് നടന്നിട്ടുള്ളത് എന്നും ഷോൺ വ്യക്തമാക്കി. കെ എസ് ഐ ഡി സി ഇടനില നിന്ന് ഭീമമായ കരിമണൽ കൊള്ള നടത്തിയതായും ഷോൺ ജോർജ് വ്യക്തമാക്കി.
തുച്ഛമായ വിലക്കാണ് തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിന് അനുമതി നൽകിയത്. ഖനനത്തിനുള്ള അനുമതി നൽകാനായി മുപ്പതിനായിരം രൂപ വില ഈടാക്കേണ്ട സ്ഥലത്ത് വെറും 467 രൂപയ്ക്കാണ് അനുമതി നൽകിയത്. കെഎസ്ഐഡിസി ഇടപെടലിലൂടെയാണ് കെ എം എം എല്ലിന് കുറഞ്ഞ വിലയ്ക്ക് മണൽ നൽകാൻ തീരുമാനിക്കുന്നത്. ധാതുമണൽ സമ്പത്ത് കൊള്ളയടിക്കാൻ ആയി കെഎസ്ഐഡിസി കൂട്ടുനിൽക്കുകയായിരുന്നു എന്നും ഷോൺ ജോർജ് വ്യക്തമാക്കി.
കെഎസ്ഐഡിസിയിൽ ഉദ്യോഗസ്ഥരായിരുന്ന മൂന്നു പേരാണ് പിന്നീട് വിരമിച്ചശേഷം സി എം ആര്‍ എൽ ഡയറക്ടർമാർ ആയത് എന്നും ഷോൺ ജോർജ് സൂചിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ ക്രൈം പോലീസ് ഷോൺ ജോർജിനെതിരെ കേസെടുത്തത്. സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയെന്നാണ് വീണ വിജയൻ ഷോൺ ജോർജിനെതിരെ പരാതി ഉന്നയിച്ചിട്ടുള്ളത്.
Discussion about this post