തിരുവനന്തപുരം : ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച തൊഴിൽ സാഹചര്യങ്ങൾ ഉള്ള സംസ്ഥാനമാണ് കേരളം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികളും ആയി മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന സംവാദ പരിപാടിയായ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. കേരളത്തിൽ പുതിയ സംരംഭകർക്ക് പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നാട് നേരിടുന്ന പ്രശ്നങ്ങൾ അതിജീവിക്കാൻ ആകണം. ഇതിനായി യുവജനങ്ങളാണ് മുന്നോട്ടിറങ്ങേണ്ടത്. ഇന്ന് നേരിടുന്ന പ്രശ്നങ്ങളെ ഏത് രീതിയിൽ അതിജീവിക്കണം എന്നതിനെക്കുറിച്ച് യുവജനങ്ങൾക്ക് ധാരണ ഉണ്ടായിരിക്കണം. മതനിരപേക്ഷ ഒരുമ ഏറ്റെടുക്കാൻ യുവജനങ്ങൾക്ക് കഴിയണം. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പാർലമെന്ററി ചരിത്രത്തിലെ തന്നെ പുതിയ ഏടായിരുന്നു നവ കേരള സദസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ മേഖലയ്ക്കൊപ്പം കേരളം പൊതുവായി എങ്ങനെ ഉയർന്നുവരണം എന്നതിനെക്കുറിച്ച് നവ കേരള സദസിൽ ഒട്ടേറെ നിർദ്ദേശങ്ങൾ ഉയർന്നുവന്നു. കേരളത്തിലെ സ്റ്റാർട്ടപ്പുകളും പരമ്പരാഗത മേഖലയും തമ്മിൽ ബന്ധിപ്പിക്കുന്ന സാഹചര്യം വളർത്തിയെടുക്കണം എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഒരു വിഭാഗത്തെയും കൈവിടില്ല എന്നുള്ളതാണ് സർക്കാരിന്റെ പൊതുവായ സമീപനം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
Discussion about this post