ന്യൂയോർക്ക് : റഷ്യൻ സർക്കാരിന്റെ കീഴിലുള്ള സേഫ് ഇന്റർനെറ്റ് ലീഗിന്റെ മേധാവിയായ എകറ്റെറിന മിസ്യൂലിന റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിനുമായി പ്രണയത്തിലാണെന്ന് റിപ്പോർട്ട്. ന്യൂയോർക്ക് പോസ്റ്റ് ആണ് റഷ്യൻ പ്രസിഡന്റിന്റെ പുതിയ കാമുകിയെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ടിട്ടുള്ളത്. യുക്രാൻ മാധ്യമമായ ചാനൽ 24 ഈ വാർത്ത സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
കടുത്ത യുക്രൈൻ വിരുദ്ധയും റഷ്യൻ രാഷ്ട്രീയപ്രവർത്തകയുമായ എലേന മിസ്യൂലിനയുടെ മകളാണ് എകറ്റെറിന. വ്ലാഡിമിർ പുടിനേക്കാൾ 32 വയസ്സിന് ചെറുപ്പം കൂടിയാണ് ഈ പുതിയ കാമുകി. പുടിന്റെ അഭിരുചികൾക്ക് പൂർണമായും ഇണങ്ങുന്ന വ്യക്തിയാണ് എകറ്റെറിന മിസ്യൂലിനയെന്ന് മനുഷ്യാവകാശ പ്രവർത്തകയായ ഓൾഗ റൊമാനോവ വ്യക്തമാക്കി.
ലണ്ടൻ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ നിന്ന് കല, ചരിത്രം ഇന്തോനേഷ്യൻ ഭാഷ എന്നീ വിഷയങ്ങളിൽ ബിരുദം നേടിയിട്ടുള്ള വ്യക്തിയാണ് എകറ്റെറിന മിസ്യൂലിന. 2017 ലാണ് എകറ്റെറിന സേഫ് ഇന്റർനെറ്റ് ലീഗിന്റെ ഭാഗമാകുന്നത്. 2014 ലാണ് മുൻ ഭാര്യ ല്യുഡ്മിലയുമായുള്ള വിവാഹബന്ധം വ്ലാഡിമിർ പുടിൻ അവസാനിപ്പിച്ചിരുന്നത്. പിന്നീട് മുൻ ഒളിമ്പിക് ജിംനാസ്റ്റിക് താരം അലീന കബാവേയുമായി പുടിൻ ബന്ധത്തിലാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Discussion about this post