കൊൽക്കൊത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലി ഗ്രാമത്തിൽ ഭൂമി തട്ടിയെടുക്കലും ലൈംഗികാതിക്രമവും നടത്തിയ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെതിരെ കടുത്ത വിമർശനവുമായി കൊൽക്കൊത്ത ഹൈക്കോടതി.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നാരോപിച്ച് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടും ടിഎംസി നേതാവിനെ പിടികൂടാൻ ബംഗാൾ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് ചൊവ്വാഴ്ചത്തെ വാദം കേൾക്കുന്നതിനിടെ ഹൈക്കോടതി പറഞ്ഞു.
“ഷാജഹാൻ ഒളിവിൽ തുടരുകയാണെങ്കിൽ, അതിനർത്ഥം അദ്ദേഹത്തെ പിന്തുണക്കാൻ പുറത്ത് ആൾക്കാർ ഉണ്ടെന്നാണ്, അത് കൊണ്ട് തന്നെ ക്രമസമാധാന പ്രശ്‌നങ്ങൾ ഉടലെടുക്കുമെന്ന് വ്യക്തമാണ്,” കോടതി ചൂണ്ടിക്കാട്ടി
ജനുവരി 5 ന് റേഷൻ തട്ടിപ്പ് അന്വേഷണവുമായി ബന്ധപ്പെട്ട് തൻ്റെ സ്ഥാപനങ്ങൾ പരിശോധിക്കാൻ പോയ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ അനുയായികൾ ആക്രമിച്ചതുമുതൽ ഷാജഹാൻ ഒളിവിലാണ്.
നോർത്ത് 24 പർഗാനാസ് ജില്ലാ ഗ്രാമത്തിലെ തങ്ങളുടെ പ്രാദേശിക ടിഎംസി ഓഫീസിൽ ഷാജഹാനും അദ്ദേഹത്തിൻ്റെ അനുയായികളും തോക്കിന് മുനയിൽ നടത്തിയ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് നിരവധി സ്ത്രീകൾ ബംഗാളിൽ രംഗത്തെത്തിയിട്ടുണ്ട്.
ഒരാൾക്ക് ഇത്രയധികം ജനങ്ങളെ ഉപദ്രവിക്കാൻ കഴിഞ്ഞുവെങ്കിൽ അയാളെ ഭരണകൂടം രക്ഷിക്കരുത്, കോടതി വ്യക്തമാക്കി
Discussion about this post