വയനാട് : കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായ ഭൂപേന്ദർ യാദവിന്റെ വയനാട് സന്ദർശനത്തിനെതിരെ വിമർശനവുമായി യുഡിഎഫ്. കേന്ദ്ര വനം മന്ത്രി വയനാട് സന്ദർശിക്കുന്നതിന് പിന്നിൽ രാഷ്ട്രീയമാണെന്ന് ടി സിദ്ദിഖ് എംഎൽഎ ആരോപിച്ചു. രാഹുൽ ഗാന്ധിക്കെതിരെ എന്തെങ്കിലും പറയാമെന്ന് കരുതിയാണ് കേന്ദ്രമന്ത്രി വരുന്നത്. എന്നാൽ കേന്ദ്രമന്ത്രിയെ ജനം തള്ളിപ്പറയും എന്നും ടി സിദ്ദിഖ് അഭിപ്രായപ്പെട്ടു.
വയനാട്ടിലെ വന്യജീവി ആക്രമണ വിഷയത്തിൽ ബിജെപിയുടെ കർണാടക സംസ്ഥാന അധ്യക്ഷൻ ഹീനമായ ഭാഷയാണ് ഉപയോഗിച്ചതെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി. വന്യജീവി ആക്രമണത്തിൽ നേരത്തെയും മരണം സംഭവിച്ചിട്ടുണ്ട് എന്നും ഒരു കേന്ദ്രമന്ത്രിയെയും ഈ വഴി ഇതുവരെ കണ്ടിട്ടില്ലെന്നും ഐസി ബാലകൃഷ്ണനും കുറ്റപ്പെടുത്തി. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് എന്ത് ആശ്വാസമാണ് കേന്ദ്രസർക്കാരിന് നൽകാൻ കഴിയുക എന്നും ഐ സി ബാലകൃഷ്ണൻ ചോദിച്ചു.
ബുധനാഴ്ചയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വയനാട്ടിൽ സന്ദർശനം നടത്തുന്നത്. ഇന്നലെ ഡൽഹിയിൽ നടന്ന ഉന്നത തല യോഗത്തിന് ശേഷമാണ് വയനാട് സന്ദർശിച്ച സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് നേരിട്ട് എത്താനായി വനം മന്ത്രി തീരുമാനിക്കുന്നത്. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായും കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തും.
Discussion about this post