ബംഗളൂരു : ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള സിഇ20 ക്രയോജനിക് എഞ്ചിൻ്റെ ഹ്യുമൺ റേറ്റിംഗ് ഐഎസ്ആർഒ പൂർത്തിയാക്കി. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യ ശ്രമമാണ് ഗഗൻയാൻ ദൗത്യം. നേരത്തെ 2024 ഫെബ്രുവരി 13-ന് ഗ്രൗണ്ട് ക്വാളിഫിക്കേഷൻ ടെസ്റ്റുകളുടെ അവസാന റൗണ്ട് ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
ഹ്യുമൺ റേറ്റിംഗ് നിലവാരം കൈവരിക്കുന്നതിന് നാല് എഞ്ചിനുകൾ വിവിധ പ്രവർത്തന സാഹചര്യങ്ങളിൽ 39 ഹോട്ട് ഫയറിംഗ് ടെസ്റ്റുകൾക്ക് വിധേയമായതായി ഐഎസ്ആർഒ വ്യക്തമാക്കി. എൽവിഎം3 വിക്ഷേപണ വാഹനത്തിൻ്റെ ക്രയോജനിക് ഘട്ടത്തെ ശക്തിപ്പെടുത്തുന്ന നിർണായക ഘടകമായ സിഇ20 ക്രയോജനിക് എഞ്ചിൻ.
എഞ്ചിൻ്റെ വിശ്വാസ്യതയും സുരക്ഷയും ഉറപ്പാക്കുന്ന മിശ്രിത അനുപാതം, ത്രസ്റ്റ്, പ്രൊപ്പല്ലൻ്റ് ടാങ്ക് മർദ്ദം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകിയാണ് ഹ്യുമൺ റേറ്റിംഗ് പൂർത്തിയാക്കിയിട്ടുള്ളത്. വാക്വം ഇഗ്നിഷൻ ടെസ്റ്റുകളുടെ ഏഴാമത്തെയും അവസാനത്തെയും പരീക്ഷണം മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിലെ ഹൈ ആൾട്ടിറ്റ്യൂഡ് ടെസ്റ്റ് ഫെസിലിറ്റിയിൽ വച്ച് ഫ്ലൈറ്റ് സാഹചര്യങ്ങൾ അനുകരിക്കാൻ നടത്തിയതായും ഐഎസ്ആർഒ അറിയിച്ചു.
Discussion about this post