ലക്‌നൗ: കോൺഗ്രസുമായി സമാജ്‌വാദി പാർട്ടി (എസ്പി) യ്ക്ക് പ്രശ്‌നങ്ങളില്ലെന്ന് അഖിലേഷ് യാദവ്. കോൺഗ്രസുമായി ഇപ്പോഴും സഖ്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ നിന്നും വിട്ട് നിന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എല്ലാം ശുഭമായി പര്യവസാനിയ്ക്കും. അതെ, ഇപ്പോഴും തങ്ങൾ സഖ്യകക്ഷികൾ തന്നെ. കോൺഗ്രസുമായി പ്രശ്‌നങ്ങളില്ല. എല്ലാം എല്ലാവർക്കും ഉടൻ വ്യക്തമാകും. എല്ലാ വിവരങ്ങളും ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിൽ സഖ്യമുണ്ടാക്കാൻ 17 ലോക്‌സഭാ സീറ്റുകൾ സമാജ്‌വാദി പാർട്ടി കോൺഗ്രസിന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതിൽ കോൺഗ്രസ് പ്രതികരിച്ചിട്ടില്ല. സീറ്റുമായി ബന്ധപ്പെട്ട് ധാരണയിൽ എത്തിയാൽ ഉറപ്പായും ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞിരുന്നു. എന്നാൽ പരിപാടിയിൽ നിന്നും അഖിലേഷ് വിട്ട് നിന്നതോടെ കോൺഗ്രസിന് സീറ്റിലുള്ള അതൃപ്തി കൂടിയാണ് വെളിവാകുന്നത്.
അതേസമയം എസ്പി വാഗ്ദാനം ചെയ്ത സീറ്റുകൾ അംഗീകരിക്കേണ്ടെന്നാണ് കോൺഗ്രസിന്റെ തീരുമാനം എന്നും സൂചനയുണ്ട്. എസ്പിയ്ക്ക് കാര്യമായ സ്വാധീനം ഇല്ലാത്ത സീറ്റുകൾ ആണ് കോൺഗ്രസിന് മുൻപിലേക്ക് വച്ചു നീട്ടിയിരിക്കുന്നത്. ഈ മണ്ഡലങ്ങളിൽ ചിലതിൽ കോൺഗ്രസിനും കാര്യമായ സ്വാധീനം ഇല്ല. ഈ സാഹചര്യത്തിൽ സീറ്റുകൾ സ്വീകരിക്കുന്നത് സംബന്ധിച്ച് കാര്യമായ ആലോചനയിലാണ് കോൺഗ്രസ്.
Discussion about this post