മലപ്പുറം : ചാലിയാർ പുഴയിൽ നിന്നും 17 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ അദ്ധ്യാപകനെതിരെ ആരോപണവുമായി കുടുംബം. കരാട്ടെ അദ്ധ്യാപകൻ കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നു എന്നാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്. പരാതി ഉയർന്നിട്ടുള്ള അദ്ധ്യാപകൻ മുൻപ് പോക്സോ കേസിൽ അറസ്റ്റിൽ ആയിട്ടുള്ള വ്യക്തിയാണ്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു മലപ്പുറം എടവണ്ണപ്പാറയിൽ ചാലിയാർ പുഴയിൽ നിന്നും 17 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. കരാട്ടെ അദ്ധ്യാപകനെതിരെ പെൺകുട്ടി നേരത്തെ തന്നെ പരാതി നൽകിയിരുന്നു. ഈ പരാതി കോഴിക്കോട് ചൈൽഡ് വെൽഫയർ കമ്മിറ്റി വഴി പോലീസിന് കൈമാറിയിരുന്നെങ്കിലും പെൺകുട്ടിയിൽ നിന്നും മൊഴിയെടുക്കാൻ സാധിച്ചിരുന്നില്ല.
പെൺകുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നത് മൂലമാണ് പോലീസിന് മൊഴി രേഖപ്പെടുത്താൻ സാധിക്കാതിരുന്നത്. പിന്നീട് കേസുമായി മുന്നോട്ടു പോകാൻ ഒരുങ്ങുന്നതിനിടെയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ പുഴയിൽ നിന്നും കണ്ടെത്തിയത്. കുട്ടിയുടെ മരണത്തിൽ അസ്വഭാവികതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. മൃതദേഹം ലഭിച്ച സമയത്ത് മേൽ വസ്ത്രവും ഷോളും ശരീരത്തിൽ ഇല്ലാതിരുന്നത് സംശയം വർദ്ധിപ്പിക്കുന്നതായി കുടുംബം സൂചിപ്പിക്കുന്നു.










