ലഖ്‌നൗ : കാലങ്ങളായി കോൺഗ്രസ് കുത്തകയായി കയ്യിൽ വച്ചിരുന്ന അമേഠി മണ്ഡലം കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയിൽ നിന്ന് തന്നെ പിടിച്ചെടുത്ത് ശ്രദ്ധ നേടിയ വ്യക്തിത്വമാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. ഇപ്പോഴിതാ അതേ അമേഠിയിൽ സ്മൃതി ഇറാനിക്ക് സ്വന്തമായി ഒരു മേൽവിലാസം ആയിരിക്കുകയാണ്. 2021ൽ ഭൂമി വാങ്ങിയ ശേഷം ആരംഭിച്ച വീട് പണി പൂർത്തിയായി.
വ്യാഴാഴ്ച ഹൈന്ദവ വിശ്വാസപ്രകാരമുള്ള ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് സ്മൃതി ഇറാനിയും ഭർത്താവ് സുബിൻ ഇറാനിയും ചേർന്ന് ഗൃഹപ്രവേശ ചടങ്ങുകൾ നടത്തി. 2019ലെ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ അമേഠിയിൽ താൻ തിരഞ്ഞെടുക്കപ്പെടുക ആണെങ്കിൽ ആ നാട്ടിൽ തന്നെ ഒരു സ്ഥിരം വിലാസം ഉണ്ടാക്കുമെന്ന് സ്മൃതി ഇറാനി പ്രഖ്യാപിച്ചിരുന്നു.
2019 ലെ തിരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ ഗാന്ധിയെ തോൽപ്പിച്ച് വൻ വിജയം നേടിയതിനു ശേഷം 2021 ഫെബ്രുവരിയിലാണ് സ്മൃതി ഇറാനി സ്വന്തമായി ഭൂമി വാങ്ങുന്നത്. വീട് നിർമ്മിക്കുന്നതിനായി അമേഠിയിലെ ഗൗരിഗഞ്ച് പ്രദേശത്ത് 34 സെന്റ് ഭൂമിയായിരുന്നു സ്മൃതി ഇറാനി വാങ്ങിയിരുന്നത്. 2024ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ വീട് നിർമ്മാണം പൂർത്തിയാക്കി ഗൃഹപ്രവേശ ചടങ്ങുകൾ നടത്തിയതിലൂടെ അമേഠിയിലെ ജനങ്ങൾക്കിടയിലുള്ള തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ് സ്മൃതി ഇറാനി.
Discussion about this post