ഊട്ടി: ട്യൂലിപ് പൂക്കൾ ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. സാധാരണ കശ്മീരിലും ഡൽഹിയിലുമെല്ലാം കണ്ടുവരുന്ന പുഷ്പങ്ങളാണ് ട്യൂലിപ് പുഷ്പങ്ങൾ. എന്നാൽ, ഇനി ട്യൂലിപ് വസന്തം കാണാൻ ഡൽഹിയിലും കശ്മീരിലും ഒന്നും പോവേണ്ട ആവശ്യമില്ല. ഊട്ടി വരെ പോയാൽ മതി.
ഊട്ടി സസ്യോദ്യാനത്തിൽ ഇപ്പോൾ ട്യൂലിപ് വസന്തമാണ്. പൂവണിഞ്ഞ് നിൽക്കുന്ന ട്യുലിപ് ചെടികൾ സന്ദർശകരുടെ മനം കവരുകയാണ്. സസ്യോദ്യാനത്തിലെ ഗ്ലാസ് ഹൗസിലാണ് ഇവ പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്. പുഷ്പമേള മുന്നിൽ കണ്ട് രണ്ട് മാസം മുൻപ് തന്നെ ഹോർട്ടി കൾച്ചർ വിഭാഗം നട്ടു വളർത്തിയതാണ് ട്യൂലിപ് ചെടികൾ.
2009 മുതലാണ് ഊട്ടിയിൽ ഹോട്ടികൾച്ചർ വിഭാഗം ട്യൂലിപ് ചെടികൾ നട്ടുവളർത്തി തുടങ്ങിയത്. മെയ് മാസത്തിൽ നടക്കാനിരിക്കുന്ന പുഷ്പമേളയിൽ പല നിറങ്ങളിലുള്ള 200 ഓളം ട്യൂലിപ് ചെടികൾ ഉണ്ടാകും. ഹോളണ്ടുകാരുടെ പ്രിയപ്പെട്ട പുഷ്പമായ ട്യൂലിപ് വാണിജ്യാവശ്യത്തിനായി ആണ് അമേരിക്കയിലും യൂറോപ്പിലും വച്ചുപിടിപ്പിച്ചത്. പിന്നീട് നാടുകടന്ന് ഇവ ഇന്ത്യയുടെയും പ്രിയപ്പെട്ട പുഷ്പമായി മാറുകയായിരുന്നു.
Discussion about this post