കോഴിക്കോട്: കൊയിലാണ്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ ചിരിച്ചുല്ലസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് പലകുറി അദ്ദേഹം ചിരിച്ചത്. സംഭവത്തിൽ ഗോവിന്ദനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
രാവിലെ കണ്ണൂരിലായിരുന്നു വാർത്താസമ്മേളനം. കൊല്ലപ്പെട്ട സത്യനാഥനെ അനുശോചിച്ച് കൊണ്ടായിരുന്നു അദ്ദേഹം സംസാരം ആരംഭിച്ചത്. എന്നാൽ പിന്നീട് അദ്ദേഹം ഗൗരവം വെടിയുകയായിരുന്നു. പിന്നീടുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം ചിരിച്ചും തമാശ പറഞ്ഞുമായിരുന്നു അദ്ദേഹം മറുപടി നൽകിയത്.
സത്യനാഥിന്റെ കൊലപാതകം വളരെ മൃഗീയമായിരുന്നുവെന്ന് വാർത്താ സമ്മേളനത്തിൽ ഗോവിന്ദൻ പറഞ്ഞു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. പിന്നിൽ മറ്റാരെങ്കിലും ഉണ്ടെങ്കിൽ കണ്ടെത്തണം. നിയമത്തിന് മുൻപിൽ കൊണ്ടുവരണം. പ്രതി അഭിലാഷ് പാർട്ടി മെമ്പർ ആയിരുന്നു. തെറ്റായ പ്രവർത്തനങ്ങളെ തുടർന്ന് ഇയാളെ പാർട്ടി പുറത്താക്കി. ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ല. ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ പാർട്ടിയ്ക്ക് എതിരാണ്. സത്യനാഥനോട് അഭിലാഷിന് വലിയ പകയായിരുന്നു ഉണ്ടായത് എന്നും ഗോവിന്ദൻ വ്യക്തമാക്കി.
ഇത്രയും പറഞ്ഞതിന് പിന്നാലെ മാദ്ധ്യമങ്ങൾ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അദ്ദേഹത്തിനോട് പ്രതികരണം തേടി. ഇതോടെയാണ് ചിരിച്ചുല്ലസിച്ച് മറുപടി നൽകാൻ ആരംഭിച്ചത്. പത്രസമ്മേളനത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ഗോവിന്ദനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ആരംഭിച്ചു. പുതിയ രക്തസാക്ഷിയെ ലഭിച്ചതിലുള്ള സന്തോഷമാണോ മുഖത്തെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.












