ജനപ്രിയ ഓൺലൈൻ പേയ്മന്റ് പ്ലാറ്റ്‌ഫോമായ ഗൂഗിൾ പേ ചില രാജ്യങ്ങളിൽ സേവനം അവസാനിപ്പിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഗൂഗിളിന്റെ ജിമെയിൽ സേവനങ്ങൾ നിർത്തലാക്കുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഈ വാർത്തകളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ.
ഗൂഗിളിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് കമ്പനി വാർത്തകളുടെ സത്യാവസ്ഥ ബോദ്ധ്യമാക്കിയിരിക്കുന്നത്. ജിമെയിൽ സേവനം അവസാനിപ്പിക്കുകയില്ലെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ജിമെയിൽ ഇവിടെ തന്നെ തുടരും എന്നാണ് ഗൂഗിൾ പേജിൽ കുറിച്ചിരിക്കുന്നത്.
ജിമെയിലിന്റേതെന്ന രീതിയിലുള്ള സ്‌ക്രീൻ ഷോട്ട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരിക്കുന്നുണ്ട്. ഈ വർഷം ഓഗസ്റ്റ് ഒന്നിന് ശേഷം ഇമെയിൽ അയക്കുന്നതും സ്വീകരിക്കുന്നതും ഉൾപ്പെടെയുള്ള സേവനങ്ങൾ ജിമെയിൽ നൽകില്ലെന്നാണ് സ്‌ക്രീൻ ഷോട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. പുതിയ മാറ്റങ്ങൾക്ക് അനുസരിച്ച് ഗുണമേന്മയുള്ള സേവനങ്ങൾ ഉപയോക്താക്കൾക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ജിമെയിൽ നിർത്തലാക്കുന്നതെന്നും സ്‌ക്രീൻ ഷോട്ടിൽ പറയുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഗൂഗിൾ വിശദീകരണവുമായി രംഗത്ത് എത്തിയത്.
അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലാണ് ഗൂഗിൾ പേ നിർത്തലാക്കിയത്. ജൂൺ നാലാം തീയതിക്ക് ശേഷം അമേരിക്കയിൽ അടക്കം ഗൂഗിൾ പേ സേവനം നിർത്തലാക്കുകയാണെന്ന് കമ്പനി അറിയിച്ചു. അമേരിക്കയിൽ ഗൂഗിൾ പേയെക്കാൾ കൂടുതൽ ഉപയോക്താക്കൾ ഉള്ളത് ഗൂഗിൾ വാലറ്റിനാണ്. അതിനാൽ തന്നെ ഗൂഗിൾ പേ ഉപയോഗിക്കുന്ന ഉപയോക്താക്കളും ഇനിമുതൽ ഗൂഗിൾ വാലറ്റിലേക്ക് മാറണമെന്നാണ് കമ്പനി അറിയിക്കുന്നത്.
Discussion about this post