മലപ്പുറം: എടവണ്ണപ്പാറയിൽ 17കാരി മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി സ്‌കൂളിലെ അദ്ധ്യാപകർ. സിദ്ദിഖ് അലി കുട്ടിയെ പീഡിപ്പിച്ചതിനെ കുറിച്ച് അറിഞ്ഞിരുന്നെന്ന് അദ്ധ്യാപകർ വെളിപ്പെടുത്തി. പ്രതിയുടെ പീഡനത്തെ തുടർന്ന് പെൺകുട്ടി പഠനം നിർത്തിയിരുന്നു. പഠനത്തിലും മറ്റ് പാഠ്യേതര വിഷയങ്ങളിലും മിടുക്കിയായിരുന്നു. എന്നാൽ, പിന്നീട് പഠനത്തിൽ വളരെ പിന്നോട്ട് പോകുന്നത് ശ്രദ്ധയിൽ പെടുകയായിരുന്നു. പിന്നീടാണ് കരാട്ടെ അദ്ധ്യാപകൻ പീഡിപ്പിച്ചതിനെ കുറിച്ച് പെൺകുട്ടി തുറന്ന് പറഞ്ഞത്. ഇതേ തുടർന്ന് ചൈൽഡ് ലൈനിനെ വിവരം അറിയിച്ചിരുന്നെന്നും അദ്ധ്യാപകർ പറഞ്ഞു.
സംഭവത്തിൽ എല്ലാ പിന്തുണയും നൽകുമെന്ന് കുട്ടിയ്ക്ക് ഉറപ്പ് നൽകിയിരുന്നു. മാനസിക സംഘർഷങ്ങൾ നേരിടുന്നുവെന്ന് മനസിലായപ്പോൾ സ്‌കൂളിൽ നിന്നും കൗൺസിലിംഗും നൽകിയിരുന്നു. പിന്നീട് പഠനം ഉപേക്ഷിക്കുകയായിരുന്നു. പഠനം തുടരാൻ ഒരുപാട് നിർബന്ധിച്ചിരുന്നു. പോലീസ് കേസ് കൂടി തുടങ്ങിയപ്പോൾ പെൺകുട്ടി കടുത്ത മാനസിക സംഘർഷങ്ങളിലേക്ക് എത്തിയതായും അദ്ധ്യാപകർ വ്യക്തമാക്കി.
കേസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും അദ്ധ്യാപകനെതിരെ നടപടി വൈകുന്നത് കുട്ടിയെ മാനസികമായി ഏറെ തളർത്തിയിരുന്നു. കൊലപാതകം തന്നെയാണെന്നാണ് വിശ്വസിക്കുന്നത്. പെൺകുട്ടിയ്ക്ക് നീതി വേണമെന്നും അദ്ധ്യാപകർ ആവശ്യപ്പെട്ടു.
Discussion about this post