ശ്രീനഗർ: നിർത്തിയിട്ടിരുന്ന ട്രെയിൻ ഡ്രൈവറില്ലാതെ കിലോമീറ്ററോളം ഓടി . ജമ്മുവിലെ കത്വ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. 53 വാഗണുകൾ ഉള്ള ചരക്ക് ട്രെയിനാണ് എഴുപത് കിലോമീറ്റർ ദൂരം ഡ്രൈവറില്ലാതെ ് ഓടിയത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.
രാവിലെ ആയിരുന്നു സംഭവം. കത്വ സ്‌റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിൻ. ഡ്രൈവറില്ലാതിരിക്കെ ട്രെയിൻ അപ്രതീക്ഷമായി പഞ്ചാബ് ഭാഗത്തേക്ക് ഓടുകയായിരുന്നു. 70 -80 കിലോമീറ്റർ വേഗത്തിലാണ് നീങ്ങിയത്. അപ്പോൾ തന്നെ അധികൃതർ അടുത്തുള്ള സ്‌റ്റേഷനിൽ വിവരം അറിയിച്ചു. ഉടൻ തന്നെ ട്രെയിൻ നിർത്താനുള്ള മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്തു. എഴുപത് കിലോമീറ്റർ ദൂരെയുള്ള പഞ്ചാബിലെ ഊഞ്ചി ബസ്സി എന്ന സ്ഥലത്ത് വച്ചാണ് ചരക്ക് ട്രെയിൻ നിർത്താൻ സാധിച്ചത്. റെയിൽവേ ജീവനക്കാർ പാളത്തിൽ മരക്കട്ടകൾ വച്ചാണ്് ട്രെയിൻ നിർത്തിയതെന്നാണ് വിവരം. പഞ്ചാബ് ഭാഗത്തേക്കുള്ള ഭൂമിയുടെ ചരിവാണ് ട്രെയിൻ തനിയെ നീങ്ങാൻ കാരണം എന്നാണ് അധികൃതർ പറയുന്നത്.
ചായ കുടിക്കാൻ പുറത്തിറങ്ങിയ ഡ്രൈവർ ഹാൻഡ് ബ്രെയ്ക്ക് ഉപയോഗിക്കാത്തതാണ് ട്രെയിൻ നീങ്ങാൻ കാരണം എന്നാണ് മറ്റൊരു വിവരം. സംഭവത്തിൽ ആളപായമോ, നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ട്രെയിൻ നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ നിരവധി പേർ സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. സംഭവത്തിൽ റെയിൽവേ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും പോലീസ് അറിയിച്ചു.
Discussion about this post