ഇടുക്കി : തൊടുപുഴയിൽ ഹോട്ടലിൽ വെച്ച് നാലംഗ സംഘം വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയതായി പരാതി. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ വിദ്യാർത്ഥിനിയോട് അസഭ്യം പറയുകയും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ മറ്റ് വിദ്യാർത്ഥികളെ മർദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി. കഴിഞ്ഞദിവസം തൊടുപുഴ മങ്ങാട്ടുകവലയിലെ ഹോട്ടലിൽ വച്ചാണ് സംഭവം ഉണ്ടായത്.
മൂവാറ്റുപുഴ നിർമ്മല കോളേജിലെ വിദ്യാർത്ഥികൾക്കാണ് തൊടുപുഴയിലെ ഹോട്ടലിൽ വെച്ച് ദുരനുഭവം ഉണ്ടായത്. തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന വടംവലി മത്സരത്തിൽ പങ്കെടുക്കാനായി മൂവാറ്റുപുഴയിൽ നിന്നും എത്തിയതായിരുന്നു ഇവർ. ഒരു വിദ്യാർത്ഥിനിയും സുഹൃത്തുക്കളായ വിദ്യാർത്ഥികളും ചേർന്ന് മങ്ങാട്ടുകവലയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴായിരുന്നു അടുത്ത മേശയിൽ ഇരുന്നിരുന്ന നാല് യുവാക്കളിൽ ഒരാൾ പെൺകുട്ടിയോട് അസഭ്യം പറഞ്ഞത്.
തൊടുപുഴ പോലീസിലാണ് വിദ്യാർത്ഥികൾ പരാതി നൽകിയിരിക്കുന്നത്. യുവാക്കൾ അശ്ലീല വാക്കുകള്‍ ഉപയോഗിച്ചെന്നും തന്നെ തള്ളി മാറ്റുകയും സുഹൃത്തുക്കളിൽ ഒരാളുടെ കരണത്തടിക്കുകയും ചെയ്തുവെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നു. സംഭവത്തിൽ നാല് പേർക്കെതിരെ തൊടുപുഴ പോലീസ് കേസെടുത്തിട്ടുണ്ട്. മൂലമറ്റം സ്വദേശികളാണ് പ്രതികളെന്നാണ് സൂചന.
Discussion about this post