തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വെല്ലുവിളിയുമായി വ്യവസായിയും പൊതുപ്രവർത്തകനുമായ സാബു എം ജേക്കബ്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ ഒരു ആറ്റം ബോംബ് തന്റെ കൈവശമുണ്ടെന്ന് സാബു ജേക്കബ് സൂചിപ്പിച്ചു. തന്നെ അറസ്റ്റ് ചെയ്യാനാണ് നീക്കമെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ താൻ അകത്താക്കും എന്നും സാബു ജേക്കബ് വെല്ലുവിളിച്ചു.
പല കേസുകളിലും പെടുത്തി തന്നെ അറസ്റ്റ് ചെയ്ത് അകത്തിടാനുള്ള ശ്രമമാണ് കേരള സർക്കാരും പോലീസും നടത്തുന്നതെന്ന് സാബു എം ജേക്കബ് ആരോപണമുന്നയിച്ചു. പിണറായി വിജയന്റെ കൂടെ എല്ലാ വിദേശ യാത്രകൾക്കും താൻ ഒപ്പം പോയിട്ടുണ്ട്. പിണറായി വിജയൻ വിദേശത്ത് ചികിത്സയിൽ കിടന്ന സമയത്ത് മൂത്രമൊഴിപ്പിക്കാനും തിരികെ കിടത്താനും എല്ലാം താൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അതിന്റെ നന്ദി പിണറായി കാണിച്ചില്ലെന്നും സാബു എം ജേക്കബ് കുറ്റപ്പെടുത്തി.
ബിജെപി സീറ്റ് ഓഫർ ചെയ്തെന്ന ആരോപണം സാബു ജേക്കബ് നിഷേധിച്ചു. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെ ജീവിതത്തിൽ ഇന്നേവരെ നേരിൽ കണ്ടിട്ടില്ല. എന്നാൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ്, സിപിഐഎം നേതാക്കൾ പലരും തന്റെ വീട്ടിൽ വന്നിരുന്നു. കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വി ഡി സതീശനും 5 സീറ്റുകൾ ഓഫർ ചെയ്തു. പി രാജീവും സിപിഐഎം ജില്ലാ സെക്രട്ടറിയും അടക്കമുള്ള നേതാക്കൾ അഞ്ചുതവണ തന്റെ വീട്ടിൽ വന്ന് ചർച്ച നടത്തി. ഇതിന്റെയെല്ലാം വീഡിയോ ദൃശ്യങ്ങൾ തന്റെ കയ്യിൽ ഉണ്ടെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.
Discussion about this post