കൊച്ചി: എല്ലാം കഴിഞ്ഞെന്ന് ഉറപ്പിച്ച നിമിഷങ്ങളിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ചാരത്തിൽ നിന്നും ഉയർന്നെഴുനേറ്റ് വന്ന് എഫ് സി ഗോവക്കെതിരെ അവിസ്മരണീയമായ ജയം സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയിൽ 2 -0 ത്തിന് പിന്നിട്ട് നിന്നതിന് ശേഷമാണ് ടൂർണമെന്റിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരത്തിൽ എഫ് സി ഗോവയ്ക്കെതിരെ രണ്ടിനെതിരെ നാല് ഗോളുകളുടെ തകർപ്പൻ ജയം ബ്ലാസ്റ്റേഴ്‌സ് നേടിയത്
തുടർച്ചയായ മൂന്നു പരാജയത്തിന് ശേഷം വിജയം അനിവാര്യമായ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ ആർത്തിരമ്പിയ മഞ്ഞപ്പടയെ നിരാശരാക്കി കൊണ്ടാണ് ആദ്യ പകുതി അവസാനിച്ചത്
വിജയം മാത്രം ലക്ഷ്യമിട്ട് ഇറങ്ങിയ മഞ്ഞപ്പടയെ ഏഴാം മിനിറ്റില്‍ തന്നെ ഗോവ ഞെട്ടിച്ചു . ഗോവയ്ക്കായി റോളിങ് ബോര്‍ജസ് ഗോളടിച്ചത്തോടെ അക്ഷരാർത്ഥത്തിൽ വുകുമാനോവിച്ചും സംഘവും ഞെട്ടി . തിരിച്ചടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റം ശക്തമാക്കിയെങ്കിലും മുഹമ്മദ് യാസിറിലൂടെ 17-ാം മിനിറ്റില്‍ ഗോവ രണ്ടാം തവണയുംപ്രഹരമേല്പിച്ചു.
ഇതോടെ വുകുമാനോവിച്ചും സംഘവും പ്രതിരോധത്തിലായി. തിരിച്ചടിക്കാന്‍ അനവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ലക്ഷ്യത്തിനെത്തിക്കാന്‍ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞില്ല. 23-ാം മിനുറ്റില്‍ നോവ സദോയിലൂടെ ഗോവ മൂന്നാം ഗോളും നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചതോടെ അത് അനുവദിക്കപ്പെട്ടില്ല . അങ്ങിനെ ആദ്യപകുതി ഗോവയുടെ രണ്ട് ഗോള്‍ ലീഡുമായി അവസാനിച്ചു
പരമാവധി സമനിലയെങ്കിലും നേടിയാൽ മതിയെന്ന് ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ആരാധകർ പോലും ചിന്തിച്ചിടത്ത് നിന്നാണ് സീസൺ കണ്ട ഏറ്റവും വലിയ തിരിച്ചു വരാവുകളിലൊന്നിൽ കൂടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആവേശം വാനോളമുയർത്തിയത്
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആക്രമണം തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് 51-ാം മിനിറ്റില്‍ ഗോവൻ വല കുലുക്കി ഫ്രീകിക്കിലൂടെ ജപ്പാന്‍ താരം ഡെയ്‌സുക് സകായിയാണ് ലക്ഷ്യം കണ്ടത്. ഒരു ഗോൾ വീണതിന് ശേഷം എങ്ങനെയെങ്കിലും സമനില പിടിക്കാൻ വേണ്ടി കൈ മെയ് മറന്ന് കളിക്കുന്ന ബ്ലാസ്റ്റേഴ്സിനെയാണ് പിന്നീട് കണ്ടത്. എന്നാൽ ഇതോടു കൂടി ഗോവൻ പ്രതിരോധം ശക്തി കൂട്ടിയത് ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നങ്ങളെ വൈകിപ്പിച്ചു
തുടർച്ചയായി ശ്രമിച്ചെങ്കിലും പിന്നീട് 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ദിമിത്രിയോസ് ഡയമെന്റക്കോസ് ലക്‌ഷ്യം കണ്ടതോടെയാണ് സ്‌കോര്‍ 2-2 ആയി മത്സരം ആവേശകരമായത് . എന്തുവിലകൊടുത്തും ജയത്തിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ലാതിരുന്ന ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഗോവന്‍ ബോക്‌സില്‍ കയറിയിറങ്ങുന്നതാണ് പിന്നീട് കണ്ടത് . ഒടുക്കം 84-ാം മിനിറ്റില്‍ ഡയമെന്റക്കോസ് വീണ്ടും ഗോളടിച്ചു. ഇതോടു കൂടി സ്കോർ 3 -2
എന്നാൽ ഇത് കൊണ്ടും പിന്മാറാതിരുന്ന ടീം 88-ാം മിനിറ്റില്‍ നാലാം ഗോളും നേടി. ഇത്തവണ ഫെഡറിക് ചെര്‍നിച്ചാണ് ആവേശ ഗോൾ നേടിയത് . അതോടെ കൊച്ചിയില്‍ മഞ്ഞപ്പടയുടെ ആവേശം അത്യുന്നതങ്ങളിലെത്തി . ഈ ജയത്തോടെ 6-മത്സരങ്ങളില്‍ നിന്ന് 29-പോയന്റോടു കൂടി ഐ എസ് എൽ പട്ടികയിൽ നാലാമതാകാനും ബ്ലാസ്റ്റേഴ്സിനായി
Discussion about this post