ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയോട് ധിക്കാരം തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഇതോടെ കെജ്രിവാളിനെതിരെ കർശന നടപടികളിലേക്ക് കടക്കാനാണ് ഇഡിയുടെ തീരുമാനം.
ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്ന് അരവിന്ദ് കെജ്രിവാളിനെതിരെ ഇഡി നൽകിയ ഹർജി നിലവിൽ കോടതിയുടെ പരിഗണനയിലുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് കെജ്രിവാൾ ഇക്കുറി ഒഴിഞ്ഞു മാറിയത്. ഇത് ഏഴാം തവണയാണ് ഇഡിയുടെ നോട്ടീസിൽ അദ്ദേഹം ഹാജരാകാതിരിക്കുന്നത്.
കേസിൽ തീരുമാനം ഉണ്ടായതിന് ശേഷം മാത്രമേ ഹാജരാകു എന്നാണ് കെജ്രിവാൾ പറയുന്നത്. നിലവിൽ കേസ് കോടതിയുടെ പരിഗണനയിലാണ്. അടുത്ത മാസം 16 ന് ഇതിൽ കോടതി വിധി പറയും. കോടതിയുടെ തീരുമാനം ഉണ്ടാകുന്നതുവരെ ഇഡി കാത്തിരിക്കണം. തുടർച്ചയായി നോട്ടീസുകൾ അയക്കരുതെന്നും ഇഡിയ്ക്ക് നൽകിയ മറുപടിയിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ വർഷം നവംബർ രണ്ടിനായിരുന്നു കെജ്രിവാളിന് ഇഡി ആദ്യ നോട്ടീസ് നൽകിയത്. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരായില്ല. തുടർന്ന് ഡിസംബർ 22 നും നോട്ടീസ് നൽകി. എന്നാൽ ഒഴിഞ്ഞു മാറുകയായിരുന്നു. ശേഷം ജനുവരി മൂന്ന്, ജനുവരി 18, ഫെബ്രുവരി രണ്ട്, ഫെബ്രുവരി 14 എന്നീ തിയതികളിൽ ഹാജരാകാൻ ആവശ്യപ്പെട്ടും നോട്ടീസ് നൽകിയിരുന്നു.
Discussion about this post