ന്യൂഡൽഹി: സ്വാതന്ത്ര്യ സമരസേനാനിയായ വീര സവർക്കറുടെ ചരമവാർഷിക ദിനത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സവർക്കറുടെ സംഭാവനകൾ രാജ്യത്തിന്റെ സമൃദ്ധിക്കും വികസനത്തിനും വേണ്ടി അധ്വാനിക്കാനുള്ള പ്രചോദനമാണ്. സ്വാതന്ത്ര്യ സമരത്തിൽ അദ്ദേഹം നൽകിയ ആത്മസമർപ്പണം രാജ്യം എക്കാലവും ഓർക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
‘ വീര സവർക്കറുടെ പുണ്യ തിഥി ദിവസം അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അഖണ്ഡതയ്ക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ ആത്മ സമർപ്പണം ഇന്ത്യ എക്കാലവും ഓർക്കും. അദ്ദേഹത്തിന്റെ സംഭാവനകൾ രാജ്യത്തിന്റെ വികസനത്തിന് വേണ്ടി പരിശ്രമിക്കാൻ നമുക്ക് എന്നും പ്രചോദനം നൽകുന്നു’- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
1883 മെയ് 28നാണ് വിനായക് ദാമോദർ സവർക്കർ എന്ന വീര സവർക്കറുടെ ജനനം. സ്വാതന്ത്ര്യ സമര സേനാനി, രാഷ്ട്രീയ പ്രവർത്തകൻ, അഭിഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം അദ്ദേഹം വിഖ്യാതനായിരുന്നു. ഹിന്ദു മഹാസഭയുടെ നേതൃനിരകളിൽ ഉണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം. ഹൈസ്‌കൂൾ കാലഘട്ടത്തിൽ തന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാട്ടം ആരംഭിച്ച ധീരനാണ് സവർക്കർ. 1966 ലാണ് സവർക്കർ പ്രായോപവേശം ചെയ്ത് മരണം വരിച്ചത്.
Discussion about this post