ന്യൂഡൽഹി : ഫിൻടെക് കമ്പനിയായ പേടിഎമ്മിന്റെ സ്ഥാപകൻ വിജയ് ശേഖർ ശർമ്മ പേടിഎം പേയ്‌മെൻ്റ് ബാങ്ക് ചെയർമാൻ സ്ഥാനം രാജിവച്ചു. ബോർഡിൽ പുനഃസംഘടന ഉണ്ടായതിനെത്തുടർന്നാണ് വിജയ് ശേഖർ ശർമയുടെ രാജി. വിജയ് ചെയർമാൻ സ്ഥാനത്തു നിന്നും ബോർഡിൽ നിന്നും രാജിവച്ചതായി പേടിഎമ്മിൻ്റെ മാതൃ കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസ് അറിയിച്ചു.
പേടിഎം ബാങ്കിന്റെ ഡയറക്ടർ ബോർഡ് പുന സംഘടിപ്പിക്കപ്പെട്ടു. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ ശ്രീനിവാസൻ ശ്രീധർ , വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ദേബേന്ദ്രനാഥ് സാരംഗി, ബാങ്ക് ഓഫ് ബറോഡ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ അശോക് കുമാർ ഗാർഗ്, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥ രജനി സെഖ്രി സിബൽ എന്നിവരെ സ്വതന്ത്ര ഡയറക്ടർമാരായി ഉൾപ്പെടുത്തിക്കൊണ്ടാണ് ഡയറക്ടർ ബോർഡ് പുനസംഘടന നടത്തിയിട്ടുള്ളത്.
പേടിഎം പേയ്‌മെൻ്റ് ബാങ്കിൻ്റെ എംഡിയും സിഇഒയുമായ സുരീന്ദർ ചൗള ഡയറക്ടർ ബോർഡിൽ തുടർന്നു. പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിൻ്റെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ അരവിന്ദ് കുമാർ ജെയിനെയും സ്വതന്ത്ര ഡയറക്‌ടറായി ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെയർമാൻ സ്ഥാനത്തു നിന്നും ഡയറക്ടർ ബോർഡിൽ നിന്നും രാജിവെച്ചെങ്കിലും പേടിഎം പേയ്‌മെൻ്റ് ബാങ്കിന്റെ 51% ഓഹരിയുടെയും ഉടമയാണ് വിജയ് ശേഖർ ശർമ്മ.
Discussion about this post