ലഖ്‌നൗ : രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി. കഴിഞ്ഞതവണ അമേഠിയിൽ നിന്നും ഓടിപ്പോയ രാഹുൽ ഇപ്പോൾ വയനാട്ടിൽ നിന്നും ഓടുകയാണ് എന്നാണ് സ്മൃതി വ്യക്തമാക്കിയത്. റോഡുകളിലും തെരുവുകളിലും നടത്തിയ പോരാട്ടങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും വളർന്നുവന്ന താൻ അടക്കമുള്ള ബിജെപിയിലെ രാഷ്ട്രീയക്കാരെ പോലെയല്ല ഒരിക്കലും തെരുവിലേക്ക് ഇറങ്ങേണ്ടി വന്നിട്ടില്ലാത്ത രാഹുൽ ഗാന്ധി എന്നും സ്മൃതി ഇറാനി സൂചിപ്പിച്ചു. ഒരു ദേശീയ ചാനൽ സംഘടിപ്പിച്ച സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സ്മൃതി.
“കുടുംബ പാരമ്പര്യം കാണിച്ച് ജയിക്കുക എന്നുള്ളത് മാത്രമാണ് പലരുടെയും ലക്ഷ്യം. ജനങ്ങൾക്ക് വേണ്ടി കഷ്ടപ്പെടാനോ തിരഞ്ഞെടുപ്പിന്റെ പേരിൽ ബുദ്ധിമുട്ടാണോ അവർ ഒരുക്കമല്ല. 2014 ൽ ഞാൻ അമേഠിയിൽ വരുമ്പോൾ ചുറ്റും വാളുകളും ഭീഷണികളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അമേഠിയിൽ അതുവരെ ബിജെപിക്ക് ഉണ്ടായിരുന്നത് 30,000 വോട്ടുകൾ മാത്രമായിരുന്നു. ആ വർഷം തനിക്ക് ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും 30,000 വോട്ടുകൾ ഉണ്ടായിരുന്നത് 3 ലക്ഷമാക്കി ഉയർത്താൻ കഴിഞ്ഞു.” സ്മൃതി ഇറാനി വ്യക്തമാക്കി.
കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും അമേഠിയിൽ താൻ ഏറെ കഷ്ടപ്പെടുകയും സജീവസാന്നിധ്യമായി എല്ലാ ഇടങ്ങളിലും നിലനിൽക്കുകയും ചെയ്തു. 2014ലെ അമേഠി തിരഞ്ഞെടുപ്പിൽ ഒരു ദിവസം 35 സ്ഥലങ്ങളിൽ വരെ പ്രസംഗം നടത്തിയിട്ടുണ്ട്. അക്കാലത്ത് മണ്ഡലത്തിലെ 60% ബൂത്തുകളിലും കസേരയിൽ ഇരിക്കാൻ പോലും ആളില്ലായിരുന്നു. ബിജെപിക്ക് പിന്തുണ നൽകുന്നതും ബൂത്തുകളിൽ ഇരിക്കുന്നത് എല്ലാം അന്ന് അവരെ സംബന്ധിച്ചിടത്തോളം വലിയ റിസ്ക് ആയിരുന്നു. നിരവധി ഭീഷണികൾ ഉണ്ടായിരുന്നു. എന്നാൽ ഈ ഭീഷണികളിൽ ഒന്നും തളരാതെ പോരാടിയിട്ടാണ് 2019 ൽ 4.6 ലക്ഷത്തിൽ കൂടുതൽ വോട്ടുകൾ നേടി കൊണ്ട് താൻ അമേഠിയിൽ വിജയിച്ചതെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
Discussion about this post