കൊൽക്കൊത്ത: സന്ദേശ് ഖാലി സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് ശക്തമായ താക്കീത് നൽകി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജനങ്ങൾ കൈവിട്ടാൽ പിന്നെ ആരും നിങ്ങളുടെ കൂടെയുണ്ടാകുമെന്ന് വിചാരിക്കരുത് എന്ന് മമതാ ബാനർജി വ്യക്തമാക്കി. പ്രാദേശിക തൃണമൂൽ നേതാക്കൾക്കെതിരായ ഭൂമി കൈയേറ്റം, ലൈംഗികാതിക്രമം, ചൂഷണം എന്നീ ആരോപണങ്ങളാൽ പശ്ചിമ ബംഗാൾ പ്രക്ഷുബ്ധമായി തുടരുന്ന സാഹചര്യത്തിലാണ് കടുത്ത താക്കീതുമായി മമത ബാനർജി രംഗത്ത് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
“ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്ത് സമിതികളിലും ജില്ലാ പരിഷത്തിലുമുള്ള നമ്മുടെ എല്ലാ നേതാക്കളോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഇതാണ് . ഒരുമിച്ച് ജോലിചെയ്യുക. നിങ്ങളെ അധികാരത്തിലെത്തിച്ചത് ജനങ്ങളാണ്, അതുകൊണ്ടാണ് നിങ്ങൾ ഇവിടെയുള്ളത്. ജനങ്ങൾ നിങ്ങളെ പുറത്താക്കിയാൽ പിന്നെ ആരും നിങ്ങളെ തിരിഞ്ഞു നോക്കുക പോലും ചെയ്യില്ല,” പുരുലിയ ജില്ലയിൽ ഒരു സർക്കാർ വിതരണ പരിപാടിയിൽ സംസാരിക്കവെ ബാനർജി പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയിൽ പ്രാദേശിക പാർട്ടി നേതാക്കൾക്കെതിരെ ആരോപണങ്ങൾ ടിഎംസി യെ പ്രതിരോധത്തിലാക്കിയിട്ടുണ്ട് . ആരോപണവിധേയരായ നേതാക്കളിൽ ചിലരെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കിയപ്പോൾ, ഏതാനും പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്
ശക്തനായ ടിഎംസി നേതാവും ജില്ലാ പരിഷത്ത് അംഗവുമായ ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സന്ദേശ്ഖാലി ബ്ലോക്ക്-II-ലെ ഭൂരിപക്ഷവും സ്ത്രീകൾ വരുന്ന നിരവധി ഗ്രാമീണർ ഈ മാസം ആദ്യം മുതൽ റോഡിലിറങ്ങിയിരിന്നു
ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ ഷാജഹാന്റെ രണ്ട് സഹായികളും ടിഎംസി ജില്ലാ പരിഷത്ത് അംഗങ്ങളുമായ ശിബാപരസാദ് ഹസ്ര, ഉത്തം സർദാർ എന്നിവരെ പൊലീസ് ഇത് വരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post