ലക്‌നൗ: അനധികൃത ഖനനക്കേസുമായി ബന്ധപ്പെട്ട് സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് ഇന്ന് സിബിഐക്ക് മുൻപിൽ ഹാജരാകാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം അഖിലേഷ് യാദവിനോട് നേരിട്ട് ഹാജരാകണമെന്ന് സിബിഐ അറിയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ നേരിട്ട് ഹാജരായി മൊഴി നൽകുന്നതിനുള്ള CrPC യുടെ 160-ാം വകുപ്പ് പ്രകാരമാണ് സിബിഐ സമൻസ് അയച്ചിരുന്നത്.
് സിബിഐക്ക് മുൻപിൽ അഖിലേഷ് യാദവ് ഹാജരാകില്ലെന്ന് സമാജ്വാദി പാർട്ടി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. ഇന്ന് പാർട്ടി ഓഫീസിൽ നടക്കുന്ന പിഡിഎ യോഗത്തിൽ അഖിലേഷ് പങ്കെടുക്കും. അദ്ദേഹം എവിടെയും പോകുന്നില്ല, ലഖ്നൗവിലെ യോഗത്തിൽ പങ്കെടുക്കുമെന്ന് രാജേന്ദ്ര ചൗധരി വ്യക്തമാക്കി. അദ്ദേഹം ഇന്ന് ഡൽഹിയിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാണ് എന്നും രാജേന്ദ്ര ചൗധരി കൂട്ടിച്ചേർത്തു.
2012 നും 2016 നും ഇടയിൽ ഹമീർപൂർ ജില്ലയിൽ അനധികൃത ഖനനം നടത്തിയ കേസിലാണ് സിബിഐ അന്വേഷണം നടത്തുന്നത്. ഈ കാലയളവിൽ അഖിലേഷ് യാദവ് ആയിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി. ദേശീയ ഹരിത ട്രൈബ്യൂണൽ ഈ പ്രദേശത്തെ ഖനനം നിരോധിച്ചിട്ടും അനധികൃതമായി ലൈസൻസ് പുതുക്കി നൽകിക്കൊണ്ട് സംസ്ഥാനത്തെ ധാതുക്കളുടെ മോഷണത്തിന് കൂട്ടുനിന്നു എന്നാണ് അഖിലേഷ് യാദവിനെതിരെ ആരോപണമുയർന്നിട്ടുള്ളത്.
2016ൽ അലഹബാദ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് അനധികൃത ഖനനം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുക്കുന്നത് . അഖിലേഷ് യാദവ് ഒറ്റ ദിവസം കൊണ്ട് 13 ഖനന പദ്ധതികൾക്ക് അനുമതി നൽകിയെന്നാണ് സിബിഐ കണ്ടെത്തിയിട്ടുള്ളത്.
Discussion about this post