കൊൽക്കത്ത: സന്ദേശ്ഖാലി കൂട്ടബലാത്സംഗ, ഭൂമി തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഷാജഹാൻ ഷെയ്ഖിനെതിരെ നടപടി സ്വീകരിച്ച് തൃണമൂൽ കോൺഗ്രസ്. ഷാജഹാൻ ഷെയ്ഖിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ ഷാജഹാൻ ഷെയ്ഖിനെ സംരക്ഷിക്കുന്നതിൽ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി സ്വീകരിച്ച് പാർട്ടി മുഖം രക്ഷിച്ചത്.
ആറ് വർഷത്തേയ്ക്കാണ് സസ്‌പെൻഡ് ചെയ്തത്. ഷാജഹാൻ ഷെയ്ഖിനെതിരായ കുറ്റങ്ങൾ തെളിയുകയും ഇതിൽ തുടർനടപടികളും ഉണ്ടായാൽ അതിന് അനുസൃതമായി പാർട്ടി മറ്റ് നടപടികൾ സ്വീകരിക്കും. കൂട്ടബലാത്സംഗ, ഭൂമി തട്ടിപ്പ് കേസുകളിൽ ഇന്ന് രാവിലെയാണ് പോലീസ് ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്തത്.
ഷാജഹാൻ ഷെയ്ഖിനെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്യാൻ കൊൽക്കത്ത കോടതി പോലീസിനോട് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭൂമി തട്ടിപ്പും ബലാത്സംഗവുമായും ബന്ധപ്പെട്ട് നിരവധി കേസുകളാണ് ഷാജഹാൻ ഷെയ്ഖിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അതേസമയം കോടതിയിൽ ഹാജരാക്കിയ ഷാജഹാൻ ഷെയ്ഖിനെ പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. 10 ദിവസത്തേക്ക് ആണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. സംഭവത്തിൽ തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുണ്ട്. ഈ സാഹചര്യത്തിലാണ് കസ്റ്റഡിയിൽ വിട്ടത്. അന്വേഷണത്തിന്റെ ഭാഗമായി അടുത്ത ദിവസം പോലീസ് ഷാജഹാൻ ഷെയ്ഖുമൊത്ത് സന്ദേശ്ഖാലിയിൽ എത്തുമെന്നാണ് സൂചന.
Discussion about this post