ന്യൂഡൽഹി: അദ്ധ്യാപികയായ ബിജെപി പ്രവർത്തകയുടെ മൃതദേഹം സ്കൂൾ വളപ്പിൽ കണ്ടെത്തി. വടക്കൻ ഡൽഹിയിലെ നരേല മേഖലയിലെ സ്കൂൾ വളപ്പിലെ സ്റ്റേഷനറി കടയിലാണ് മൃതദേഹം കണ്ടെത്തിയത്. 28കാരിയായ വർഷ പവാർ ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ച മുതൽ യുവതിയെ കാണാനില്ലായിരുന്നു.
നരേല സ്വതന്ത്ര നഗറിലെ സ്വകാര്യ സ്കൂൾ അദ്ധ്യാപികയായിരുന്ന വർഷ സജീവ ബിജെപി പ്രവർത്തകയായിരുന്നു. യുവതിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് വിജയ് കുമാർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അടഞ്ഞ് കിടന്നിരുന്ന കടമുറിയ്ക്കുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. യുവതിയുടെ ബിസിനസ് പങ്കാളി കൂടിയായ സോഹൻ ലാലാണ് മരിച്ചത്. സോനിപത്തിൽ ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വർഷയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post