ന്യൂഡൽഹി: രാജ്യത്തിന്റെ ജിഡിപി ( മൊത്ത ആഭ്യന്തര ഉത്പാദനം) യിൽ ഉണ്ടായ വളർച്ചയിൽ പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ ശക്തിയാണ് ജിഡിപി വർദ്ധിച്ചതിലൂടെ വ്യക്തമാകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ജിഡിപിയിൽ ഉയർച്ചയുണ്ടായതുമായി ബന്ധപ്പെട്ട വാർത്തകൾക്ക് പിന്നാലെ എക്‌സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2023-24 വർഷത്തിന്റെ മൂന്നാംപാദത്തിൽ ഇന്ത്യയുടെ ജിഡിപി 8.4 ശതമാനത്തിലേക്ക് ഉയർന്നു. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ശക്തിയും ക്ഷമതയുമാണ് വ്യക്തമാക്കുന്നത്. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങൾ തുടരും. അത് 140 കോടി ഇന്ത്യക്കാരുടെ ജീവിതം സുഗമമാക്കും. വികസിത ഭാരതം രൂപീകരിക്കാൻ അതുവഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദത്തിൽ 4.3 ശതമാനം ഉയർച്ചയാണ് ജിഡിപിയിൽ ഉണ്ടായിരിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 40.35 ലക്ഷം കോടിയായിരുന്നു ജിഡിപി. എന്നാൽ ഇത് 43.72 ലക്ഷം കോടിയായി ഉയർന്നു. ഇന്ത്യൻ സാമ്പത്തിക രംഗം അതിവേഗം കുതിയ്ക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
2023-24 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 7.6 ശതമാനത്തിലേക്ക് ആയിരുന്നു വളർച്ച. ഇതുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നാം പാദത്തിൽ അത്ഭുതകരമായ കുതിച്ച് ചാട്ടമാണ് ജിഡിപിയിൽ ഉണ്ടായത്.
Discussion about this post