തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ സർക്കാരിനും പോലീസിനും എതിരെ വിമർശനവുമായി മരിച്ച സിദ്ധാർത്ഥിന്റെ പിതാവ്. നിലവിലെ പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് വ്യക്തമാക്കി. മന്ത്രിമാർ നൽകുന്ന ഉറപ്പുകളിലും വിശ്വാസമില്ല. എന്നാൽ സിദ്ധാർത്ഥിന്റെ മരണത്തിന് കാരണക്കാരായ പ്രതികൾക്കെതിരെ നടപടി ഉണ്ടാകും എന്ന് ഗവർണർ ഉറപ്പുനൽകിയിട്ടുണ്ടെന്ന് ജയപ്രകാശ് വ്യക്തമാക്കി.
ചെറിയവനോ വലിയവനോ എന്ന് നോക്കാതെ എല്ലാ കുറ്റക്കാർക്കും എതിരെ ഏത് അറ്റം വരെയും പോകുമെന്നും ഗവർണർ ഉറപ്പുനൽകിയതായി ജയപ്രകാശ് സൂചിപ്പിച്ചു. സിദ്ധാർത്ഥ് മരിച്ചിട്ട് 10 ദിവസം ആകുകയാണ്. ഇപ്പോഴും കേസിലെ പ്രധാന പ്രതികൾ പലരും ഒളിവിലാണ്. ഈ പ്രതികൾ എസ്എഫ്ഐയുടെ വെറും പ്രവർത്തകർ മാത്രമല്ല എസ്എഫ്ഐ ഭാരവാഹികൾ കൂടിയാണ് എന്നും ജയപ്രകാശ് സൂചിപ്പിച്ചു.
എസ്എഫ്ഐക്കാരായ പ്രധാന പ്രതികൾ ഒളിവിൽ കഴിയുന്നത് എവിടെയാണെന്ന് നേതാക്കന്മാർക്ക് നല്ലപോലെ അറിയാം. കുറ്റക്കാർക്കെതിരെ കർശനം നടപടി ഉണ്ടാകും എന്ന് പറയുന്ന ഈ നേതാക്കൾ തന്നെയാണ് അവരെ സംരക്ഷിക്കുന്നത്. പാർട്ടി സംരക്ഷണം നൽകുന്ന പ്രതികൾക്കെതിരെ പോലീസിന് ഏത് അറ്റം വരെ പോകാൻ സാധിക്കുമെന്ന് എനിക്കറിയില്ല. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ മുഴുവൻ പ്രതികളെയും പിടികൂടിയില്ലെങ്കിൽ മന്ത്രിമാരുടെയോ മുഖ്യമന്ത്രിയുടെയോ വീട്ടുപടിക്കൽ താനും കുടുംബവും സമരം കിടക്കുമെന്നും സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് വ്യക്തമാക്കി.
Discussion about this post