റായ്പൂർ: ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ കമ്യൂണിസ്റ്റ് ഭീകരർ കുത്തിക്കൊന്നു. ബിജാപൂർ ജില്ലയിലായിരുന്നു സംഭവം. ജൻപദ് സ്വദേശിയും ബിജെപി പഞ്ചായത്ത് അംഗവുമായ തിരുപ്പതി കട്‌ലയാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. തോയ്‌നാർ ഗ്രാമത്തിലെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു കട്‌ല. ഇതിനിടെയായിരുന്നു ആക്രമണം. വാഹനത്തിൽ എത്തിയ അജ്ഞാത സംഘം അദ്ദേഹത്തെ തടഞ്ഞ് നിർത്തി കൂർത്ത ആയുധം കൊണ്ട് കുത്തുകയായിരുന്നു.
ആക്രമണത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. ശബ്ദംകേട്ട് എത്തിയ പ്രദേശവാസികൾ ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ജില്ലയിൽ ബിജെപി നേതാക്കൾക്ക് നേരെയുള്ള കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ എട്ടാമത്തെ ബിജെപി നേതാവിനെയാണ് ഭീകരർ ആക്രമിക്കുന്നത്. കഴിഞ്ഞ വർഷം ബിജെപി നാരായൺപൂർ ജില്ലാ അദ്ധ്യക്ഷൻ റത്തൻ റെഡ്ഡിയുൾപ്പെടെയുള്ളവർക്കാണ് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായത്.
Discussion about this post