ന്യൂഡൽഹി: രാജ്യം ഒന്നടങ്കം കൊണ്ടാടുന്ന ആഘോഷങ്ങളിൽ ഒന്നാണ് ഹോളി. നിറങ്ങളുടെ ആഘോഷമെന്നും ഹോളി അറിയപ്പെടുന്നു. വർണങ്ങൾ വാരിവിതറിയുള്ള ഹോളി ഉത്തരേന്ത്യയിൽ ആണ് പ്രസിദ്ധം. എന്നാൽ കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഹോളി ആഘോഷിക്കാറുണ്ട്. ഈ വർഷത്തെ ആഘോഷത്തിനായി രാജ്യം ഒരുങ്ങിയിരിക്കേ ഹോളിയുടെ ഐത്യഹ്യമെന്തെന്ന് നോക്കാം.
തിന്മയ്ക്ക് മേൽ നന്മ വിജയിച്ചതിന്റെ പ്രതീകമായിട്ടാണ് ഹോളിയും ആഘോഷിക്കാറുള്ളത്. ഹോളിക എന്ന അസുര സ്ത്രീയിൽ നിന്നാണ് ഹോളി എന്ന വാക്കുണ്ടായത്. അസുരമഹാരാജാവായിരുന്ന ഹിരണ്യകശിപുവിന്റെ സഹോദരിയാണ് ഹോളിക.
അധികാരത്തിന്റെ ഭ്രമം മൂത്ത് ഹിരണ്യകശിപു ഈശ്വരനായി പൂജിക്കപ്പെടാൻ ആഗ്രഹിച്ചു. എന്നാൽ പ്രഹ്ലാദൻ ഇതിന് അനുവദിച്ചില്ല. വലിയ വിഷ്ണുഭക്തൻ ആയിരുന്നു പ്രഹ്ലാദൻ. ഇതോടെ ശത്രുത തോന്നിയ ഹിരണ്യകശിപു പുത്രനായ പ്രഹ്ലാദനെ വകവരുത്താൻ തീരുമാനിച്ചു. ഇതിനായി ഹോളികയുടെ സഹായം തേടുകയായിരുന്നു.
ഹോളികയെ അഗ്നിയ്ക്ക് പരിക്കേൽപ്പിക്കാൻ കഴിയില്ല. അതിനാൽ അഗ്നികുണ്ഠത്തിലിട്ട് പ്രഹ്ലാദനെ കൊലപ്പെടുത്താൻ ഹോളിക തീരുമാനിച്ചു. പക്ഷെ പ്രഹ്ലാദനുമായി അഗ്നികുണ്ഠത്തിലേക്ക് ചാടിയ ഹോളികയ്ക്ക് ജീവൻ നഷ്ടപ്പെടുകയായിരുന്നു. അന്ന് മുതലാണത്രേ ഭക്തി വിജയിച്ചതിന്റെ പ്രതീകം ആയി ഹോളി ആഘോഷിക്കാൻ ആരംഭിച്ചത്.
ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട് ഹോളിയ്ക്ക് മറ്റൊരു കഥകൂടിയുണ്ട്. കൃഷ്ണൻ ഗോപികമാരോട് കളിക്കുന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ആഘോഷം. വർണങ്ങൾ വാരി എറിഞ്ഞായിരുന്നു കൃഷ്ണനും ഗോപികമാരും കളിച്ചിരുന്നത്.
Discussion about this post