ഹൈദരാബാദ്: തെലങ്കാനയിൽ ഒൻപത് മാസം പ്രായമായ കുഞ്ഞിനെ വീട്ടു ജോലിക്കാരി തട്ടിക്കൊണ്ട് പോയി. ഹൈദരാബാദിലെ മഡന്നപ്പേട്ടിലായിരുന്നു സംഭവം. മണിക്കൂറുകൾക്കുള്ളിൽ പ്രതി ഷഹ്‌നാസ് ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കുഞ്ഞിനെ ഷഹ്‌നാസിനെ നോക്കാൻ ഏൽപ്പിച്ച് വീട്ടുകാർ പുറത്ത് പോയിരുന്നു. ഈ സമയം ഷഹനാസ് കുഞ്ഞുമായി കടന്നു കളയുകയായിരുന്നു. തിരിച്ചെത്തിയപ്പോൾ കുഞ്ഞിനെയും വീട്ടു ജോലിക്കാരിയെയും കാണാനില്ലെന്ന് മനസ്സിലാക്കിയ വീട്ടുകാർ വിവരം പോലീസിനെ അറിയിച്ചു.
വിവരം ലഭിച്ചയുടൻ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചു. താമസസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം. ഇതിനിടെ തെലങ്കാനയ്ക്ക് സമീപം സഹീർബാദിൽ നിന്നും ഷഹ്‌നാസിനെ കണ്ടെത്തുകയായിരുന്നു.
പോലീസ് കണ്ടെത്തുമ്പോൾ ഷഹ്‌നാസ് കുഞ്ഞുമായി ബസിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഉടനെ പോലീസ് എത്തി ഷഹ്‌നാസിനെ പിടികൂടി കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പിന്നീട് കുഞ്ഞിനെ വീട്ടുകാർക്ക് കൈമാറി.
രണ്ട് ദിവസം മുൻപാണ് ജോലിയ്ക്കായി ഷഹ്‌നാസ് കുഞ്ഞിന്റെ വീട്ടിൽ എത്തിയത് എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘത്തിലെ അംഗമാണ് യുവതിയെന്നാണ് സൂചന.
Discussion about this post