ഇസ്ലാമാബാദ് : പാകിസ്താൻ്റെ 24-ാമത് പ്രധാനമന്ത്രിയായി പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) നേതാവ് ഷെഹ്ബാസ് ഷെരീഫ്. രണ്ടാം തവണയാണ് ഷെഹ്ബാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്നത്. മുൻ പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷെഹ്ബാസ് ഷെരീഫ്.
പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ), പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) എന്നീ പാർട്ടികൾ ചേർന്ന സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള സമവായ സ്ഥാനാർത്ഥിയായിരുന്നു 72 കാരനായ ഷെഹ്ബാസ് ഷെരീഫ്. 336 അംഗങ്ങളുള്ള സഭയിലെ 201 അംഗങ്ങളുടെ പിന്തുണയോടെയാണ് ഷെഹ്ബാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫിൻ്റെ (പിടിഐ) സ്ഥാനാർത്ഥിയായ ഒമർ അയൂബ് ഖാൻ 92 വോട്ടുകളാണ് നേടിയത്.
ദേശീയ അസംബ്ലി സ്പീക്കർ സർദാർ അയാസ് സാദിഖ് ആണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തിനായി വ്യക്തമാക്കിയത്. തിങ്കളാഴ്ച പാകിസ്താൻ രാഷ്ട്രപതിയുടെ വസതിയായ ഐവാൻ-ഇ-സദറിൽ വെച്ച് ഷെഹ്ബാസ് ഷെരീഫ് സത്യവാചകം ചൊല്ലി അധികാരമേൽക്കും. നേരത്തെ മൂന്നുതവണ പാകിസ്താന്റെ പ്രധാനമന്ത്രി ആയിട്ടുള്ള വ്യക്തിയാണ് ഷെഹ്ബാസ് ഷെരീഫിന്റെ സഹോദരൻ നവാസ് ഷെരീഫ്.
Discussion about this post