കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ എംഡിഎംഎയുമായി 18 കാരിയായ പെൺകുട്ടി അടക്കം രണ്ട് പേർ അറസ്റ്റിൽ. കർണാടക സ്വദേശിനിയായ സഞ്ജന, നല്ലളം സ്വദേശിയായ ഷംജാദ് എന്നിവരാണ് പിടിയിലായത്. 49 ഗ്രാം എംഡിഎംഎ ആണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. കർണാടകയിൽ നിന്നും ലഹരി മരുന്നുകൾ കോഴിക്കോട് എത്തിച്ച് ചില്ലറ വില്പന നടത്തിവന്നിരുന്നവരാണ് പ്രതികൾ.
മെഡിക്കൽ കോളേജ് പോലീസും ഷാഡോ സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തുള്ള ലോഡ്ജിൽ നിന്നുമാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. കർണാടകയിൽ ജോലി ചെയ്തു വരുന്നയാളാണ് ഷംജാദ്. കോഴിക്കോട് നഗരത്തിലെ ഹോട്ടൽ മുറികൾ കേന്ദ്രീകരിച്ച് ആയിരുന്നു പ്രതികൾ എംഡിഎംഎ കച്ചവടം നടത്തിയിരുന്നത്.
കർണാടകയിൽ ജോലി ചെയ്തു വരുന്നതിനിടയിലാണ് ഷംജാദ് 18 വയസ്സുകാരിയായ സഞ്ജനയെ പരിചയപ്പെടുന്നത്. തുടർന്ന് പെൺകുട്ടിയുമായി അടുപ്പത്തിലായ ഇയാൾ മയക്കുമരുന്ന് വില്പനയ്ക്ക് ഈ പെൺകുട്ടിയെ ഉപയോഗിക്കുകയായിരുന്നു.
Discussion about this post