ബംഗളൂരു; രാമേശ്വരം കഫേയിൽ നടന്ന ബോംബ് സ്‌ഫോടനത്തെ സംബന്ധിച്ച കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കേസ് എൻഐഎക്ക് കൈമാറിയത്. കഫേ നടത്തിപ്പുകാരോടുള്ള പകയാണോ സ്‌ഫോടനത്തിന് പിന്നിലെന്ന സംശയത്തെ തുടർന്ന് ഇക്കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചെങ്കിലും മതിയായ തെളിവ് ലഭിച്ചിരുന്നില്ല. ഇതോടെയാണ് കേസ് എൻഐഎക്ക് കൈമാറാൻ കർണാടക സർക്കാർ തയ്യാറായത്.
സ്‌ഫോടനം നടന്ന ദിവസം തന്നെ എൻഐഎയുടെ ബംഗളൂരു യൂണിറ്റ് സംഭവസ്ഥലം സന്ദർശിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഭീതി പരത്തുകയെന്ന ഉദ്ദേശ്യത്തോടെ ആസൂത്രണം ചെയ്തു നടപ്പാക്കിയ സ്‌ഫോടനമാണ് കഫെയിൽ നടന്നതെന്ന പ്രാഥമിക നിഗമനത്തിലാണ് എൻഐഎ.
ബംഗളൂരു ബ്രൂക് ഫീൽഡിൽ സ്ഥിതി ചെയ്യുന്ന കഫേയിൽ മാർച്ച് ഒന്നിനായിരുന്നു സ്‌ഫോടനം നടന്നത്.ഭക്ഷണം കഴിക്കാനെന്ന വ്യാജേന എത്തിയ അജ്ഞാതൻ ബോംബ് അടങ്ങിയ ബാഗ് വാഷ്റൂമിനു സമീപമുള്ള ട്രേയിൽ ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു. ഉച്ചക്ക് 12.55ന് ബാഗിൽനിന്ന് പത്തു സെക്കൻഡ് ഇടവേളയിൽ രണ്ടു സ്‌ഫോടനങ്ങൾ നടക്കുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണ് നടന്നതെന്ന് ഫോറൻസിക് വിഭാഗം കണ്ടെത്തിയിരുന്നു.
Discussion about this post