തിരുവനന്തപുരം : പേട്ടയിൽ നിന്നും തട്ടിക്കൊണ്ടുപോയ കുഞ്ഞിന്റെ ഡിഎൻഎ പരിശോധനാഫലം ലഭിച്ചു. കുട്ടിയുടെ കൂടെയുള്ളവർ യഥാർത്ഥ മാതാപിതാക്കൾ തന്നെയാണെന്ന് സ്ഥിരീകരിക്കുന്നതാണ് പരിശോധന ഫലം. ഇതോടെ ശിശുക്ഷ സമിതിയിൽ കഴിയുന്ന കുഞ്ഞിനെ മാതാപിതാക്കൾക്ക് തിരികെ നൽകാൻ തീരുമാനമായിട്ടുണ്ട്.
നാടോടി ദമ്പതികളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ശേഷം നടന്ന അന്വേഷണത്തിനിടയിലാണ് പോലീസിന് കൂടെയുള്ളവർ കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കൾ തന്നെയാണോ എന്ന് സംശയം ഉണ്ടായത്. ഇതോടെയാണ് കുഞ്ഞിനെ തിരികെ ലഭിച്ചശേഷം ഡിഎൻഎ പരിശോധന നടത്തിയത്. ഡിഎൻഎ പരിശോധന ഫലം ലഭിക്കുന്നതുവരെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ പാർപ്പിക്കാനും തീരുമാനമായിരുന്നു.
തേൻ വില്പനയ്ക്ക് കേരളത്തിലെത്തിയ ബീഹാർ സ്വദേശികളായ ദമ്പതികളാണ് കുട്ടിയുടെ മാതാപിതാക്കൾ. കാണാതായതിനുശേഷം തിരികെ ലഭിച്ച കുഞ്ഞിനെ പോലീസ് ഇടപെട്ടാണ് ശിശുക്ഷേമ സമിതിയുടെ അഭയ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നത്. കുട്ടിയുടെ പ്രായവും മാനസികാവസ്ഥയും പരിഗണിച്ച് കൂടെയുണ്ടായിരുന്ന അമ്മയെയും അഭയകേന്ദ്രത്തിൽ തങ്ങാൻ പോലീസ് അനുവദിച്ചിരുന്നു. ഇപ്പോൾ ഡിഎൻഎ പരിശോധന ഫലം പുറത്തുവന്നതോടെ കുട്ടിയെ മാതാപിതാക്കൾക്ക് തന്നെ വിട്ടുകൊടുക്കാമെന്ന് പോലീസ് ശിശുക്ഷേമ സമിതിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കഴിഞ്ഞമാസം 19നായിരുന്നു തിരുവനന്തപുരം പേട്ടയ്ക്ക് അടുത്ത് ചാക്കയിലെ റോഡരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടി ദമ്പതികളുടെ കുഞ്ഞിനെ കാണാതായിരുന്നത്. ഒരു ദിവസത്തോളം നീണ്ട തിരച്ചിലിന് ഒടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്നും 500 മീറ്റർ അകലെയുള്ള ആറടിയിലേറെ താഴ്ചയുള്ള ഓടയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ വർക്കല സ്വദേശി ഹസൻകുട്ടി എന്ന കബീറിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post